
രാജ്യത്തെ ഏറ്റവും ജനപ്രിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ ഹീറോ സ്പ്ലെന്‍ഡറിന്റെ വില വര്‍ധിപ്പിക്കാന്‍ പോകുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. ഇന്‍പുട്ട് കോസ്റ്റിന്റെ വര്‍ധനവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനം പരിഷ്കരിക്കേണ്ടതിനാലും വാഹനത്തിന്റെ വില വര്‍ധിപ്പിക്കാതെ തരമില്ലെന്നാണ് ഹീറോ പറയുന്നത്.
ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളുകള്‍ ഓണ്‍ ബോര്‍ഡ് ഡയഗനോസ്റ്റിക്സ് (OBD) 2-ലേക്ക് നിര്‍ബന്ധമായും മാറേണ്ടതുണ്ട്. ഇതിനായി വാഹനം പരിഷ്കരിക്കേണ്ടതിന് ചെലവ് കൂടുന്നതിനാലാണ് സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ വില ഏപ്രിലില്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ഒരുങ്ങുന്നത്. ഏപ്രില്‍ 1 മുതല്‍ സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ മാത്രമല്ല പ്ലഷര്‍ പ്ലസ് അടക്കം മറ്റ് ചില മോഡലുകളുടെ കൂടി വില വര്‍ധിപ്പിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് തീരുമാനിച്ചു. ടൂവീലറുകളുടെ നിലവിലെ വിലയുടെ 2 ശതമാനമായിരിക്കും വില വര്‍ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെല്ലാം മോഡലുകള്‍ക്കാണ് വില വര്‍ധനവെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വാഹന പാര്‍ട്സുകള്‍ക്ക് അനുദിനം വില വര്‍ധിക്കുന്നതും വില കൂട്ടുന്നതിന് ഒരു കാരണമാണ്. ഈ വിലവര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ തുടര്‍ന്നും നല്‍കും. അതിനാല്‍ വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.






