
യുഎസിലെ ഫ്ലോറിഡ അപകടകാരികളായ നിരവധി ജീവികള്‍ വിഹരിക്കുന്ന സ്ഥലമാണ് . ഇവിടെ മുതലകളും ചീങ്കണ്ണികളും പെരുമ്പാമ്പുകളും വിഷപ്പാമ്പുകളുമൊക്കെ ധാരാളമുണ്ട്. ഇവ ജനവാസകേന്ദ്രങ്ങളിലെത്തുന്നതും ഇവിടെ പതിവാണ്. ഈ ജീവികളെയൊക്കെ മനുഷ്യര്‍ക്ക് ഭയമാണ്. അതിനാല്‍ തന്നെ ഇത്തരം ജീവികളെ കണ്ടാല്‍ അപകടമൊഴിവാക്കാനായി മാറിപ്പോവുകയാണ് പതിവ്.
എന്നാല്‍ അപകടകാരിയായ ഇത്തരം ജീവികളെ ഓമനിക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സ്വതന്ത്രമായി ജലാശയത്തില്‍ വിഹരിക്കുന്ന ചീങ്കണ്ണിക്ക് വൃദ്ധ ദമ്പതികള്‍ വെള്ളലിറങ്ങി നിന്ന് ഭക്ഷണം നല്‍കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഓണ്‍ലി ഇന്‍ ഫ്ലോറിഡ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചത്.
ദമ്പതികളുടെ അരികിലേക്ക് ചീങ്കണ്ണി നീന്തിയെത്തുന്നതും വായ തുറന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഭക്ഷണം വായിലാക്കിയ ചീങ്കണ്ണിയുടെ ശരീരത്തില്‍ ഭക്ഷണം നല്കിയ വ്യക്തി തലോടുകയും ചെയ്തു. വെള്ളത്തിലിറങ്ങി നില്ക്കുന്ന ദമ്പതികള്‍ ചീങ്കണ്ണിക്ക് കൈകൊണ്ട് ഭക്ഷണം നല്‍കുന്നതും അതിനെ തലോടുന്നതുമായ ദൃശ്യങ്ങള്‍ ആളുകള്‍ ഭയത്തോടെയാണ് കണ്ടത്. ഈ വിഡിയോ കണ്ട് നിരവധിപ്പേരാണ് ദമ്പതികളെ വിമര്‍ശിച്ചത്. ഇത് അപകടകരമാണെന്നും ഇത്തരം പ്രവത്തികള്‍ ജീവന് തന്നെ അപകടത്തിലാക്കുമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.






