
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയ്ക്ക് അയോഗ്യത പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. 'ജനാധിപത്യം അയോഗ്യമാക്കപ്പെട്ടു' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യത്തുടനീളമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം. ഇതേ ആശയം ഉയര്‍ത്തി ഇന്ത്യയിലെ 35 നഗരങ്ങളിലായി വാര്‍ത്താസമ്മേളനം വിളിക്കാനും പ്രചരണം സംഘടിപ്പിക്കാനുമാണ് ഉദ്ദേശം.
മാര്‍ച്ച് 28 നും 29 നും ഇന്ത്യയില്‍ 35 നഗരങ്ങളിലായി നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ജനാധിപത്യം അയോഗ്യമാക്കപ്പെട്ടു എന്ന പ്രചരണത്തിനൊപ്പം രാജ്യത്ത് കള്ളന്മാര്ക്ക് ക്ലീന്‍ചിറ്റ് നല്കുന്നു എന്നാരോപിച്ച് അദാനി വിഷയം ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തും. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരിക്കും വിഷയം അവതരിപ്പിക്കുക. കോണ്‍ഗ്രസിന്റെ ആശയവിനിമയ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്റാം രമേഷ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. നീരവ്മോഡി, ലളിത് മോഡി എന്നിവര്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണെന്നും 'മോദാനി' എന്ന ആശയം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും ജയ്റാം രമേഷ് ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്.
മാര്‍ച്ച് 28 ന് ലക്നൗ, ജമ്മുകശ്മീര്‍, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നി നഗരങ്ങളിലാകും വാര്‍ത്തസമ്മേളനം നടത്തുക. മാര്‍ച്ച് 29 ന് മറ്റ് 31 നഗരങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പ്രചരണം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്യും. പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയുള്ള സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അദാനി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
പ്രചരണത്തിന്റെ ഭാഗമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ചണ്ഡീഗഡില്‍ സുപ്രിയ ശ്രീനാഥേയും ബംഗലുരുവില്‍ ആനന്ദ് ശര്‍മ്മയും ഷിംലയില്‍ ശക്തിസിംഗ് ഗോഹിലും തിരുവനന്തപുരത്ത് മനീഷ് തീവാരിയും വാരണാസിയില്‍ ഗൗരവ് വല്ലഭയും മുംബൈയില്‍ പവന് ഖേരയും സൂറത്തില്‍ കനയ്യാ കുമാറും ശ്രീനഗറില്‍ സല്മാന് ഖുര്‍ഷിദുമാണ് പ്രസംഗിക്കുക. സൂറത്ത് കോടതിയായിരുന്നു 2019 ലെ കേസില്‍ രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ രാഹുലിന് ലോക്സഭാ അയോഗ്യത കല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ വിഷയം ഉയര്‍ത്തി ബിജെപിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ നിന്നും രക്തസാക്ഷിയുടെ മകനെ നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ആദ്യമായി ഇതിന്റെ ഭാഗമായി. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവര്‍ എത്തിയത്. പ്രതിപക്ഷത്തെ 18 പാര്ട്ടിനേതാക്കളായിരുന്നു ഈ രീതിയില്‍ എത്തിയത്.






