
ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും കണ്ടുകൊണ്ടിരിയ്ക്കെയാണ് ഭര്‍ത്താവിനു നേരെ ഭാര്യ വെടി ഉതിര്‍ത്തത്. സംഭവത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയായ കഡേജ മിഷേല്‍ ബ്രൗണ്‍ എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ലോന്‍ഡെസ് കൗണ്ടിയില്‍ മാര്‍ച്ച് 25 ശനിയാഴ്ച പുലര്‍ച്ചെ ഭര്‍ത്താവ് ജെറമി റോക്ക് ബ്രൗണിന് ഭാര്യ മിഷേലിന്റെ വെടിയേറ്റത്.
മിഷേല്‍ ഫേസ്ബുക്ക് ലൈവ് പോകുകയായിരുന്നു. ആ സമയം പുറത്തുപോകാന്‍ ജെറമി റോക്ക് ശ്രമിയ്ക്കുകയായിരുന്നു. പക്ഷേ മിഷേല്‍ അത് തടയാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയില്‍ എത്തിച്ചേരുകയും ചെയ്തു. ഇതോടെയാണ് ഇരുവരും വഴക്കുണ്ടായത് എന്ന് കരുതുന്നു. ജെറമി അവിടെ വച്ച് തന്നെ മരിച്ചു. എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ളവരെത്തിയാണ് ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അറിയിച്ചത്. നേരത്തേയും മിഷേലും ജെറമിയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.
സംഭവ സ്ഥലത്ത് നിന്നും വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. മിഷേലിനെ അറസ്റ്റ് ചെയ്ത് ലോന്‍ഡസ് കൗണ്ടി അഡല്‍റ്റ് ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിച്ചു.






