
പൊതുവെ എല്ലാവരും ധരിയ്ക്കുന്ന വേഷമാണ് ജീന്‍സ്. പലരും രണ്ട് മൂന്ന് വട്ടം ഇട്ടതിന് ശേഷം മാത്രമാണ് ജീന്‍സ് കഴുകുന്നത്. വേറൊന്നും കൊണ്ടല്ല. കഴുകിയെടുക്കാനും, പിന്നെയത് ഉണങ്ങി കിട്ടാനുമൊക്കെ നല്ല പ്രയാസമാണ്. എന്നാല്‍ ചിലര്‍ ദിവസവും അലക്കുന്നവരും ഉണ്ട്.
എന്നാല്‍, സ്ഥിരമായി സോപ്പുംവെള്ളത്തില് വീഴുന്ന ജീന്‍സിന്റെ നിറം പതിയെ മങ്ങുകയും തുണിയ്ക്ക് അതിന്റെ പുതുമ നഷ്ടപ്പെട്ടു പോകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ഈ കാര്യങ്ങള്‍
ശ്രദ്ധിയ്ക്കുക. പെണ്‍കുട്ടികളുടെ ജീന്‍സില്‍ എംബ്രോയ്ഡറി വര്‍ക്ക്സ് ഉള്ളവയുണ്ട്. ഇത്തരം ജീന്‍സ് കൈകൊണ്ട് സോപ്പ് വാഷ് ചെയ്യുന്നതാണ് ഉത്തമം. ഇവ അലക്കുകല്ലില് ഉരച്ച് കഴുകുന്നതും വാഷിംഗ് മെഷീനില്‍ ഇടുന്നതും തുണിയ്ക്ക് കേടു വരും.
പുതിയതായി വാങ്ങുമ്പോള്‍ എല്ലാവരും അത് കഴുകിയ ശേഷം മാത്രമേ ഉപയോഗിയ്ക്കുള്ളൂ. ജീന്‍സ് ആദ്യമായി കഴുകുമ്പോള്‍ ചിലപ്പോള്‍ നിറം പോകാറുണ്ട്. അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കാന്‍ തണുത്തവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് അതില്‍ മുക്കി അല്പ സമയം വെയ്ക്കുക. ശേഷം കൈ കൊണ്ട് അലക്കിയെടുക്കുക. അലക്കി ഉണക്കാന്‍ ഇടുമ്പോള്‍ പരമാവധി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല കൂടുതല്‍ സമയം വെയിലത്ത് ഇടാതെയും ഇരിയ്ക്കുക. അല്ലാത്ത പക്ഷം ജീന്‍സ് വേഗത്തില്‍ നരയ്ക്കുന്നതിന് കാരണമാകും.
എന്നും ജീന്‍സ് കഴുകേണ്ട ആവശ്യമില്ല. വിയര്‍പ്പ് കളഞ്ഞ് മടക്കി എടുത്ത് വെയ്ക്കാവുന്നതാണ്. ഇത് ജീന്‍സ് പുത്തന്‍പോലെ സൂക്ഷിക്കാന്‍ സഹായിക്കും. കഴുകുമ്പോള്‍ അകംപുറം തിരിച്ച് വേണം കഴുകാന്‍ വേണ്ടി. ആദ്യം സിബ്ബ്, അതുപോലെ, ബട്ടന് എന്നിവ അഴിച്ച് അകം പുറം തിരിച്ചിട്ട് ബക്കറ്റില്‍ കുറച്ച് ഡിറ്റര്‍ജന്റും ചേര്‍ത്ത് ജീന്‍സ് കുറച്ചു സമയം മുക്കി വെക്കുക. അതിനുശേഷം ജീന്‍സ് കൈകൊണ്ട് ഉരച്ച് കഴുകുക. അധികസമയം ഉരയ്ക്കരുത്.






