
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ചിമ്പു എന്ന ചിലമ്പരസന്‍. ചിമ്പു നായകനായഭിനയിച്ച പുതിയ ചിത്രം ‘പത്ത് തല ’വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കായി ചിമ്പു ഒരു വീഡിയോ സന്ദേശവുമായി വന്നിരിക്കുകയാണ്.
കേരളത്തില്‍ 150ലേറെ സ്ക്രീനുകളിലാണ് ക്രൗണ്‍ ഫിലിംസ് റിലീസ് ചെയ്യുന്നത്. ഇതാണ് കേരളത്തിലെ തന്റെ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റിലീസെന്ന് ചിമ്പു പറഞ്ഞു. കേരളത്തില്‍ നേരിട്ട് വന്ന് പ്രചാരണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. തീര്‍ച്ചയായും ഉടന്‍ കേരളത്തിലെത്തി എല്ലാവരെയും കാണും. കേരളം എപ്പോഴും തനിക്ക് സ്പെഷ്യല്‍ ആണെന്നും വിണ്ണൈ താണ്ടി വരുവായ ചിത്രീകരിച്ചത് കേരളത്തിലാണെന്നും തന്റെ ആത്മീയ പരവര്ത്തനയാത്രില് കേരളത്തിന് പ്രത്യേകമായ പങ്കുണ്ടെന്നും താരം പറഞ്ഞു.
മാനാട്, വെന്ത് തണിന്തത് കാട് എന്നീ ചിത്രങ്ങള്‍ക്ക് നല്കിയ സ്വീകരണത്തിന് നന്ദിയും വീഡിയോയില്‍ ചിമ്പു പറയുന്നു. വലിയ ഊര്‍ജമാണ് കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയത്. മറ്റൊരു സുപ്രധാനവേഷം അവതരിപ്പിച്ച ഗൗതം കാര്‍ത്തിക് , ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന എ.ആര് റഹ്മാന് എന്നിവരെ പേരെടുത്ത് പറയുന്നുമുണ്ട് ചിമ്പു. നിങ്ങളില്ലാതെ താനില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
കന്നഡയില്‍ സൂപ്പര്‍ഹിറ്റായ മഫ്തി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ്. പ്രിയ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്, ഡി.ജെ അരുണാസലാം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫറൂഖ് ജെ. ബാഷ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തും.






