
അവിശ്വസനീയമായ കാഴ്ചയാണ് കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടില്‍ സുജീഷിന്റെ വീട്ടില്‍ നടക്കുന്നത്. കിണറ്റില്‍ നിന്ന് കോരിയെടുക്കുന്ന കുടിവെള്ളം തീയിട്ടാല്‍ ആളിക്കത്തുന്ന അവസ്ഥയിലാണ്. ഈ പ്രതിഭാസം തുടങ്ങിയിട്ട് രണ്ടര വര്‍ഷം പിന്നിടുന്നു. ഇത് സംബന്ധിച്ച് കുടുംബം പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിക്കപ്പെട്ടിട്ടില്ല.
2021 ലാണ് ഈ പ്രതിഭാസം ആദ്യമായി കാണപ്പെട്ടത്. അന്നേ തങ്ങള്‍ക്ക് ഇത് ഏതോ പമ്പില്‍ നിന്നുള്ള ലീക്കാണെന്ന് മനസ്സിലായിരുന്നു. അല്ലാതെ ഇങ്ങനെ വരാന്‍ സാധ്യതയില്ലല്ലോ. അതിനാല്‍ ഞങ്ങള്‍ പരാതി കൊടുത്തു. ഹെല്‍ത്തില്‍ അറിയിക്കുകയും ചെയ്തു. ആ ടെസ്റ്റില്‍ മനസ്സിലായി ഇതിനകത്ത് ഡീസലിന്റെയോ പെട്രോളിന്റെയോ സാന്നിധ്യമുണ്ടെന്ന്'- കുടുംബം പറഞ്ഞു.
സുജീഷിന്റെ വീട്ടില്‍ മാത്രമല്ല അയല്‍വാസികളുടെ കിണറിലെയും വെള്ളം ഇന്ധനമായി മാറുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീ സാധാരണ ഗതിയില്‍ വെള്ളമൊഴിച്ചാല്‍ കെടേണ്ടതാണ്. പക്ഷേ ഇവിടെ മറിച്ചാണ് സംഭവിക്കുന്നത്. ഓരോ തുള്ളി വെള്ളം ഒഴിക്കുന്തോറും തീ ആളിക്കത്തുകയാണ്. നിരവധി കാരണങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഇതില്‍ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.






