
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന് മമ്മൂട്ടിയുമായി ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമ മേഖലയിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യുന്ന ഹൊറര്‍ ചിത്രമായിരിക്കും ഇത്.
മലയാളത്തിന് പുറമെ തമിഴിലും ചിത്രം ഒരേ സമയം ഷൂട്ട് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്. ഭൂതകാലം എന്ന ചിത്രം സോണി ലിവില്‍ ആയിരുന്നു റിലീസ്. മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ നായകന് ഷെയിന്‍ നിഗമായിരുന്നു. പല ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നടക്കാതെ പോയി.
അതേസമയം, മമ്മൂട്ടി നായകനായി എത്തുന്ന ജിയോ ബേബി ചിത്രം ‘കാതല്‍’ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. മെയ് 13ന് റിലീസ് ചെയ്തേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് മൂവി ട്രാക്കേഴ്സായ ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ് നടി ജ്യോതികയുടെ മൂന്നാമത് മലയാള സിനിമയാണ് 'കാതല്‍'.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സാലു കെ തോമസാണ് ഛായാഗ്രഹണം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്.






