
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് സംബന്ധിച്ച കേസില്‍ ലോകായുക്ത ഇന്നു വിധി പറയും. വിചാരണ കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം വരുന്ന വിധി സര്‍ക്കാരിനു തിരിച്ചടിയാകുമോ എന്നതാണ് പ്രധാന വിഷയം.
വിവിധ ദുരിതങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കേണ്ട ദുരിതാശ്വാസ ഫണ്ട് ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് നല്‍കിയെന്നാരോപിച്ച് 2018-ല്‍ സേവ് സര്‍വകലാശാല കാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാര്‍ ലോകായുക്തയില്‍ നല്‍കിയ കേസാണിത്.
അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കടുംബത്തിനും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി കാര്‍ തട്ടി മരിച്ച പോലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്നും പണം നല്‍കിയെന്നായിരുന്നു കേസ്.
നിധിയില്‍നിന്നും പരമാവധി മൂന്നു ലക്ഷം രൂപാ മാത്രം നല്‍കാമെന്നിരിക്കെ ഉഴവൂര്‍ വിജയന്റെ മരണത്തിന് പിന്നാലെ അഞ്ചുലക്ഷം രൂപാ ചികിത്സാ സഹായമായും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപാ വീതം ആകെ 25 ലക്ഷം രൂപയും അനുവദിച്ചു. മുന്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സ്വര്‍ണവായ്പ്പ ഉള്‍പ്പെടെയുള്ള കടബാധ്യത തീര്‍ക്കാന്‍ വന്‍ തുക അനവദിച്ചു. കോടിയേരിയുടെ ഗണ്‍മാന്റെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് നിയമം മറികടന്നു നല്‍കിയത്.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന നടപടി സര്‍ക്കാര്‍ തുടര്‍ന്നാല്‍ എന്താകും അവസ്ഥയെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചതു സര്‍ക്കാരിനു തിരിച്ചടിയായി മാറിയിരുന്നു. 2022 മാര്‍ച്ച് 18ന് വിചാരണ പൂര്‍ത്തിയായെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അന്തിമ വിധി പറയുന്നതില്‍നിന്നും ലോകായുക്ത ഒഴിഞ്ഞുനിന്നു.
ഇതേ തുടര്‍ന്നു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്തയ്ക്ക് മുന്നില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നു ലോകായുക്ത അന്തിമ വിധി പറയാന്‍ മാര്‍ച്ച് 31ലേക്ക് മാറ്റുകയായിരുന്നു. വിധി പ്രതികൂലമായി മാറിയാല്‍ അത് മന്ത്രിസഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സി.എം.ആര്‍.ഡി) എന്നാണ് പേരെങ്കിലും മുഖ്യമന്ത്രിക്കു ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ആണ് ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്.
ബാങ്ക് കൈമാറ്റം വഴി മാത്രമേ പണം റിലീസ് ചെയ്യാന്‍ കഴിയു. അതുപോലെ ധനകാര്യ സെക്രട്ടറിയുടെ അറിവോടുകൂടി മാത്രമേ ഫണ്ട് പിന്‍വലിക്കാനും കഴിയൂ. ഫണ്ട് പ്രവര്‍ത്തിപ്പിക്കുന്നതു ധനകാര്യ സെക്രട്ടറിയാണെങ്കിലും, സി.എം.ഡി.ആര്‍.എഫ് നിയന്ത്രിക്കുന്നതു റവന്യൂ വകുപ്പാണ്.
സി.എം.ഡി.ആര്‍.എഫിന്റെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പണം പിന്‍വലിക്കാനോ കൈമാറാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ ഇതു സാധ്യമാകൂ.
സി.എം.ഡി.ആര്‍ ഫണ്ടില്‍നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, റവന്യൂ സ്‌പെഷല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അനുവദിക്കാവുന്ന തുക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. അതിനും മുകളില്‍ ചെലവഴിക്കണമെങ്കില്‍ അതു മന്ത്രിസഭയ്‌ക്കേ സാധ്യമാവുകയുള്ളൂ. അതിനാല്‍ മന്ത്രി സഭ കൂടിയാണ് വന്‍ തുക അനുവദിച്ചിട്ടുള്ളത്. ഇതാണ് സര്‍ക്കാരിനെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം.
