
ചൂട് വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുള്ള പത്ത് രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. ആഗോളതലത്തില്‍ 0.08 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് അതായത് ചൂടുകൂട്ടുന്നതില്‍ ഇന്ത്യയുടെ പങ്ക് 4.8 ശതമാനമാണെന്നര്‍ഥം. പുതിയ പഠനത്തിലാണ് 1850 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ താപനിലയെക്കുറിച്ചുള്ള ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നത്. സയന്റിഫിക് ഡാറ്റയിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1851-2021 ലെ ഇന്ത്യയുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് , നൈട്രസ് ഓക്സൈഡ്, മീഥെയ്ന്‍ എന്നിവയുടെ ഉദ്വമനം യഥാക്രമം 0.04°C, 0.03°C, 0.006°C എന്നിങ്ങനെയാണ്. ഇത് വ്യാവസായിക കാലത്തിനു മുമ്പുള്ള ആഗോളതാപനത്തിന്റെ തോതിനേക്കാള്‍ കൂടുതലാണിത്. താപനില വര്‍ധനയുമായി യുണൈറ്റഡ് സ്റ്റേറ്റ്സാണ് പട്ടികയില്‍ ഒന്നാമത് .0.28 ഡിഗ്രി സെല്ഷ്യസാണ (17.3 ശതമാനം) ഈ രാജ്യത്തിന്റെ പങ്ക്. തൊട്ടുപിന്നിലുള്ളത് ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ജര്‍മനി, ഇന്തോനീഷ്യ, യുകെ, കാനഡ, ജപ്പാന് എന്നീ രാജ്യങ്ങളും പട്ടികയുടെ മുന്‍നിരയിലുണ്ട്. ഇന്ത്യ 2005 മുതലാണ് പത്താം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്.
1850 മുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ നിമിത്തമുളള ആഗോളതാപനത്തില്‍ രാജ്യങ്ങളുടെ ദേശീയ പങ്കിനെക്കുറിച്ചായിരുന്നു ഗവേഷകര്‍ കണക്കെടുപ്പ് നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം . ദേശീയമായി നിശ്ചയിച്ചിട്ടുള്ള സംഭാവനകളില്‍ ഉള്‍പ്പെടുന്ന മൂന്ന് വാതകങ്ങളിലാണ് മിക്ക രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ഡാറ്റാസെറ്റ് അതിനാല്‍ കാലാവസ്ഥാ നയവും ബെഞ്ച്മാര്‍ക്കിങ് അറിയിക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു.
മറ്റു ഹരിതഗൃഹവാതകങ്ങളായ നൈട്രസ് ഓക്സൈഡിന്റെയും, മീഥെയ്നിന്റെയും അളവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അധികചൂടിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. വ്യാവസായിക വിപ്ലവത്തിന് ശേഷം വികസിത രാജ്യങ്ങളില്‍ നിന്നുള്ള ഉദ്വമനം ചൂട് കൂടുന്നതിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്ക് കണക്കെടുക്കുന്നത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെ ഭാരം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യങ്ങളിലെ താപനിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഭൂവിനിയോഗവും വനമേഖലയുമാണ്.






