
കൊച്ചി : പി.എസ്.സിയില്‍ ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്ന് ഹൈക്കോടതി. മനുഷ്യാവകാശ കമ്മീഷന്റെ 2020 ഫെബ്രുവരി 11 ലെ ഉത്തരവ് ചോദ്യം ചെയ്ത് പി എസ് സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒന്നിലധികം റാങ്ക് പട്ടികയില്‍ പേരുള്ളവരുടെ പേര് നീക്കാന്‍ അവര്‍ നല്കുന്ന അപേക്ഷ പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവാണ് പി എസ് സി ചോദ്യം ചെയ്തത്. കോടതികള്‍ക്കൊ ബന്ധപ്പെട്ട് ട്രൈബ്യൂണലുകള്ക്കൊ അല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാനാകില്ലെന്ന് പി എസ് സി വാദിച്ചു.
പാലക്കാട് പൊല്പുള്ളി പനയൂര്‍ സ്വദേശിയായ കെകെ റിജു നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷന്റെ ഉത്തരവുണ്ടായത്. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വയംഭരണ സ്ഥാപനമാണ് പിഎസ് സി എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയുള്ള ഉത്തരവാണ് മനുഷ്യാവകാശ കമീഷന്റെതെന്ന് പി എസ് സി ഹര്‍ജിയില്‍ പറഞ്ഞു.
കോടതികളോ ട്രൈബ്യൂണലുകളോ മുഖേനയാണ് പി എസ് സി നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണേണ്ടത്. പിഎസ് സി നടപടി മനുഷ്യാവകാശ കമീഷന് ചോദ്യം ചെയ്യാനാകില്ല. സര്‍ക്കാറുമായി ആലോചിച്ചാണ് പി എസ് സിയുടെ നടപടിപ്രക്രിയകള്.
ഒന്നില്‍ കൂടുതല്‍ റാങ്ക് പട്ടികയിലുള്ള ഒരാള്‍ സ്വമേധയാ പേര് ഉപേക്ഷിക്കുന്നതിലൂടെ മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുന്നില്ല. ഉത്തരവിന്റെ രൂപത്തിലെന്നല്ല ഒരു അഭ്യര്‍ഥനപോലും പി എസ് സിയുമായി ബന്ധപ്പെട്ട് നടത്താന്‍ മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്നും പി എസ് സി വാദിച്ചു.






