
106 -കാരിയുടെ മുഖം വോഗ് ഫിലിപ്പീന്‍സിന്റെ കവര്‍ ചിത്രമായി. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഇത്രയേറെ പ്രായമുള്ള ഒരാളുടെ മുഖം വോഗിന്റെ കവര്‍ ചിത്രമായി വരുന്നത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ പരമ്പരാഗത ടാറ്റൂ ആര്ട്ടിസ്റ്റുമാരിലൊരാളുമായ അപോ വാങ് ഒഡേയാണ് ഇത്തരത്തില്‍ വോഗിന്റെ കവര്‍ ചിത്രമായി പ്രത്യക്ഷപ്പെട്ടത്.
വളരെ ചെറുപ്പത്തില്‍ തന്നെ ടാറ്റൂ ആര്‍ട്ടിസ്റ്റായി മാറിയ ആളാണ് വാങ്. അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇവര്‍ ടാറ്റൂ ചെയ്യുന്നത് എങ്ങനെയെന്ന് പഠിച്ചത്. വാങ് താമസിക്കുന്നത് കലിംഗ പ്രവിശ്യയിലെ മനിലയില്‍ നിന്ന് ഏകദേശം 15 മണിക്കൂര്‍ വടക്കുള്ള ബസ്കലാന് എന്ന പര്‍വതഗ്രാമത്തിലാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം ചെന്ന ടാറ്റൂയിസ്റ്റായി കണക്കാക്കപ്പെടുന്ന ആളാണ് വാങ്.
പരമ്പരാഗത കലിംഗ ടാറ്റൂ അഥവാ മാംബബറ്റോക്ക് രീതിയാണ് അവര്‍ അവലംബിച്ചു പോരുന്നത്.
ഇത് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്ന ഒന്നാണ്. ഈ ടാറ്റൂരീതി രക്തബന്ധുക്കള്‍ക്ക് മാത്രമേ കൈമാറാന്‍ കഴിയൂ. അതിനാല്‍ തന്നെ വാങ് തന്റെ ബന്ധുക്കളായ എലിയാങ് വിഗനെയും ഗ്രേസ് പാലികാസിനെയും വര്‍ഷങ്ങളായി ഈ ടാറ്റൂരീതി പരിശീലിപ്പിക്കുന്നുണ്ട്. പുതിയ ടാറ്റൂരീതികള് വിപണി കീഴടക്കിയിട്ടും, വാങ്ങിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടാറ്റൂ രീതി തേടിയെത്തുന്ന ആവശ്യക്കാര്‍ ഏറെയാണ്.
വാങ് പരമ്പരാഗത ടാറ്റൂ കലാകാരന്മാരുടെ അവസാന തലമുറകളില്‍ ഒരാളാണ്. ഇവരുടെ സമപ്രായക്കാര്‍ പലരും മരിച്ചു കഴിഞ്ഞു. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായ ലാര്‍സ് ക്രുതാക്കിന്റെ ഒരു ഡോക്യുമെന്ററി പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് വാങ് ലോകശ്രദ്ധ നേടിയത്.






