
2018-ല്‍ ആയിരുന്നു ലംബോര്‍ഗിനിയുടെ ഹുറാക്കാന് അള്‍ട്രാ സ്പോര്‍ട് കാര്‍ സിനിമാ താരങ്ങളിലെ വാഹന പ്രേമികളില്‍ ഒരാളായ പൃഥ്വിരാജ് സുകുമാരന്‍ സ്വന്തമാക്കിയത്. പിന്നീട് ഇത് മാറ്റി ലംബോര്‍ഗിനിയുടെ ഉറൂസിനെ കൂടെ കൂട്ടുകയായിരുന്നു. വെറും 1,100 കിലോമീറ്റര്‍ മാത്രം ഓടിയ ഈ സ്പോര്‍ട്സ് കാര്‍ ഇപ്പോള്‍ ഒരു കോഴിക്കോട്ടുകാരന് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന വാഹനം പ്രീമിയം കാര്‍ ഡീലറായ റോയല്‍ഡ്രൈവില്‍ നിന്നും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദാണ് വാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രീമീയം കാര്‍ ഡീലറായ റോയല്‍ ഡ്രൈവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കന്റെ താക്കോല്‍ വാങ്ങുന്ന വീഡോയാ ഡീലര്‍ഷിപ്പ് പങ്കുവെച്ചിട്ടുണ്ട്. വാഹനം ഏറ്റുവാങ്ങാനെത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന അദ്ദേഹത്തിന്റെ മക്കളായിരുന്നുവെന്നതും കൗതുകക്കാഴ്ച്ചയായിരുന്നു. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണിത്. ലംബോയുടെ ഈ സ്പോര്‍ട്സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാര്‍ഡോയുടെ പിന്‍ഗാമിയായാണ് ഹുറാക്കന് രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റര്‍ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തില്‍ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതിയാവുന്ന ലംബോര്‍ഗിനി ഹുറാക്കന് LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റര്‍ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡില്‍ ഷിഫ്റ്റുകള്‍, സ്പോര്‍ട്ട് മോഡുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പര്‍ കാറിന്റെ പ്രത്യേകതകളാണ്. 2.99 കോടി രൂപയ്ക്ക് വാങ്ങിയ ലംബോര്‍ഗിനി ഹുറാക്കനായി 2018-ല്‍ പൃഥ്വിരാജ് 43.16 ലക്ഷം രൂപ റോഡ് നികുതിയായി അടച്ചിട്ടുണ്ട്. അതോടൊപ്പം കൊച്ചിയില്‍ നടന്ന ലേലത്തില്‍ KL 07 CN 1 എന്ന ഫാന്‍സി നമ്പരിനായി താരം അക്കാലത്ത് 7.00 ലക്ഷം രൂപ അധികമായി നല്‍കിയിട്ടുമുണ്ട്.






