
ഒരു സ്ത്രീ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ചുകൊണ്ട് നല്കിയ പരസ്യമാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
യുഎസില്‍ നിന്നുള്ള ജെയ്ലീ ചോകെറ്റ് എന്ന സ്ത്രീയാണ് ഫേസ്ബുക്കിലൂടെ ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
രണ്ട് നായക്കളെയാണ് ജെയ്ലീ ചോകെറ്റിന്റെ പക്കല്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായത്. ഇവര്‍ മറ്റുളളവരില്‍ നിന്ന് വ്യത്യസ്തമായി നല്ലൊരു തുക നായയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്തു. ഇതാണ് പരസ്യം ഇത്രമേല്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്. നായയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 1.64 ലക്ഷം രൂപയാണ് ഇവര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. സമ്മാനത്തുക കണ്ടതോടെ ഇവരെ സഹായിക്കാന്‍ പലരും ഓണ്‍ലൈനായി തന്നെ രംഗത്തെത്തി.
താന്‍ പിന്‍ഭാഗത്തെ മുറ്റത്ത് നില്‍ക്കുകയായിരുന്നെന്നും ഗേറ്റടക്കാന്‍ വിട്ടുപോയതോടെ നായ്ക്കള്‍ പുറത്തെത്തുകയും പിന്നീട് നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതിലൊരു നായയെ ഇവര്‍ക്ക് തിരിച്ചുകിട്ടി. രണ്ടാമത്തെ നായയെ കണ്ടെത്തുന്നതിനാണ് ഇപ്പോഴിവര് ഏവരുടെയും സഹായം തേടിയിരിക്കുന്നത്.
നഷ്ടപ്പെട്ട നായയുടെ രൂപവും മറ്റ് സവിശേഷതകളുമെല്ലാം ജെയ്ലി പങ്കുവച്ചിട്ടുണ്ട്. എവിടെയെങ്കിലും കണ്ടെത്തിയാല്‍ തന്നെ അറിയിക്കുന്നപക്ഷം വാഗ്ദാനം ചെയ്ത സമ്മാനത്തുക നല്‍കാമെന്നാണ് ഇവര്‍ അറിയിക്കുന്നത്.






