
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ചാനല്‍ പരിപാടികളിലും സിനിമയിലുമൊക്കെയായി സജീവമായ ഇവര്‍ മറിമായത്തില്‍ അഭിനയിച്ച് ചിരിപ്പിച്ച ജീവിതത്തിലും അതേ ചിരി നിലനിര്‍ത്തി മുന്നേറുകയാണ്. വിവാഹ ശേഷം സ്നേഹ അഭിനയരംഗത്തു മാത്രമല്ല യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്നു എന്ന വിശേഷവും ഡോക്ടറെ കണ്ട് എല്ലാം ഓക്കെയാണെന്ന് അറിഞ്ഞതിന് ശേഷം സ്നേഹയും ശ്രീകുമാറും യൂട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. വയലറ്റ് കളര്‍ പട്ടുസാരിയും ചേരുന്ന ആഭരണങ്ങളും കുപ്പിവളയും മുല്ലപ്പൂവുമൊക്കെയായി സുന്ദരിയായി അണിഞ്ഞൊരുങ്ങിയ സ്നേഹയെയാണ് ചിത്രങ്ങളില്‍. ഇളം വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും കസവുമുണ്ടും ധരിച്ച് സ്നേഹയ്ക്കൊപ്പം ചിരിച്ചു നില്ക്കുന്ന ശ്രീകുമാറും ചിത്രങ്ങളിലുണ്ട്. പ്രിയപ്പെട്ടവരെല്ലാം സ്നേഹയ്ക്ക് ആശംസ അറിയിക്കാനും മധുരം നല്കാനുമായെത്തിയിട്ടുള്ളതും ചിത്രങ്ങളിലുണ്ട്.
സ്നേഹയും ശ്രീകുമാറും മാത്രമല്ല ഇവരുടെ സുഹൃത്തുക്കളും വളക്കാപ്പിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആര്യയും ശ്രുതി രജനികാന്തുമെല്ലാം ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളിലൂടെ സ്നേഹം അറിയിച്ചെത്തിയിട്ടുണ്ട്.
താന്‍ ഗര്‍ഭിണിയാണെന്ന വിവരം വളരെ സന്തോഷത്തോടെയാണ് സ്നേഹ ആരാധകരുമായി പങ്കിട്ടത്. പിസിഒഡി ഉള്ളതിനാല്‍ പീരീഡ്സ് കൃത്യമായിരുന്നില്ലെന്നും മറിമായത്തിന്റെ സെറ്റില്‍ വെച്ച് അസ്വസ്ഥത തോന്നിയിരുന്നെന്നും, ഡോക്ടറെ കണ്ടപ്പോഴാണ് ഗര്ഭിണിയാണെന്നറിഞ്ഞതെന്നും നേരത്തെ സ്നേഹ പറഞ്ഞിരുന്നു. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്പര വൈഫ് ഈസ് ബ്യൂട്ടിഫുളിലാണ് സ്നേഹ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലെ കുമാരിയും ഗര്‍ഭിണിയാണ്. വിനോദ് കോവൂരാണ് സ്നേഹയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്.






