
കഴിഞ്ഞ ഏതാനും മാസങ്ങളായി ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി ഗ്യാംഗില്‍ നിന്നുള്ള നിരന്തര വധഭീഷണിയുടെ ഭീതിയിലാണ് ബോളിവുഡിലെ സൂപ്പര്‍താരം സല്മാന്ഖാന്. ഇതോടെ താരത്തിന്റെ സ്വന്തം ബോഡിഗാര്‍ഡിന് പുറമേ വൈ പ്ലസ് കാറ്റഗറിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അല്‍പ്പം കൂടി സുരക്ഷ കടുപ്പിച്ച് വില കൂടിയ ബുള്ളറ്റ്പ്രൂഫ് കാര്‍ വാങ്ങിയിരിക്കുകയാണ് സൂപ്പര്‍താരം.
വെളുത്ത ബുള്ളറ്റ്പ്രൂഫ് നിസ്സാന്‍ പെട്രോള്‍ എസ് യുവി ആണ് സല്മാന് പുതിയതായി വാങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ലാത്ത കാര്‍ സല്മാന് ഇറക്കുമതി ചെയ്യുകയായിരുന്നു. ബി6, ബി7 ലെവല്‍ പ്രൊട്ടക്ഷനില്‍ വരുന്നതാണ് ഈ കാര്‍. അതിശക്തമായ 44 എംഎം തിക്ക് ഗ്ളാസ് ഒരു വെടിയുണ്ടയും കടത്തിവിടില്ല. 78 എംഎം കട്ടി വരുന്ന ഗ്ളാസ്സാണ് ബി7 ല്‍ ഉപയോഗിച്ചിട്ടുള്ളത്.
ബുള്ളറ്റ് പ്രൂഫും അത്യാധുനിക ആയുധ സംവിധാനങ്ങളും ഉണ്ടായിരുന്ന തന്റെ പഴയ ടയോട്ട ലാന്റ് ക്രൂയിസര്‍ എല്‍സി200 മാറ്റിയാണ് സല്മാന് പുതിയ കാര്‍ വാങ്ങിയിട്ടുള്ളത്. ഗുണ്ടതലവന്‍ ബിഷ്ണോയിയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായ ഗോള്‍ഡി ബ്രാറില്‍ നിന്നും ഭീഷണി സന്ദേശം കഴിഞ്ഞമാസമാണ് സല്‍മാനെ തേടി വധഭീഷണി ഉയര്‍ന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ഡി പട്ടേലിന് സല്‍മാനെ വധിക്കുമെന്ന് കാണിച്ച ഇ മെയില്‍ വരികയായിരുന്നു. തന്റെ ജീവിത ലക്ഷ്യം തന്നെ സല്‍മാനെ വധിക്കുകയാണെന്ന് ഗോള്‍ഡി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബാന്ദ്രാപോലീസിന് സല്മാന് ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു.






