
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുള്ള സൂപ്പര്‍ ബൈക്കാണ് സുസുക്കി ഹയാബൂസ. 2023 ഹയാബൂസ പുതിയ നിറങ്ങള്‍ നല്കി അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അതിനാല്‍ സൂപ്പര്‍ ബൈക്കിന്റെ എഞ്ചിന് OBD2 നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല.
2023 സുസുക്കി ഹയാബൂസ ഡ്യുവല്‍-ടോണ്‍ കളര്‍ സ്കീമുകളില്‍ ലഭ്യമാണ്. പ്രധാന ബോഡി ഭാഗങ്ങള്‍ക്ക് ഒരു നിറവും ഫ്രണ്ട് എയര്‍ ഇന്‍ടേക്കുകള്‍, സൈഡ് കൗളിംഗുകള്, പിന്‍ഭാഗം എന്നിവിടങ്ങളില്‍ വേറെ നിറവും പൂശുന്നു. മെറ്റാലിക് തണ്ടര്‍ ഗ്രേ/ കാന്‍ഡി ഡേറിംഗ് റെഡ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പര്‍ 2/ ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ വിഗോര്‍ ബ്ലൂ/ പേള്‍ ബ്രില്ല്യന്റ് വൈറ്റ് എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. 16.41 ലക്ഷം രൂപയാണ് പുതിയ സുസുക്കി ഹയാബൂസയുടെ എക്സ്-ഷോറൂം വില. 2023 ഏപ്രില്‍ 7 മുതല്‍ രാജ്യത്തുടനീളമുള്ള സുസുക്കിയുടെ ബൈക്ക് ഷോറൂമുകളില്‍ നിന്നും ഇത് വാങ്ങാന്‍ സാധിക്കും. 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ അപ്ഡേറ്റിന് 2021 ഫെബ്രുവരിയില്‍ സുസുക്കി ഹയാബൂസ വിധേയമായിരുന്നു.
ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് മുന്‍നിര മോട്ടോര്‍സൈക്കിള്‍ ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടോപ് സ്പെക് ഹാര്‍ഡ് വെയറാണ് ഈ ബൈക്കില്‍ സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. ട്വിന്‍ സ്പാര്‍ അലൂമിനിയം ഫ്രെയിമിലാണ് ഈ മോട്ടോര്‍സൈക്കിള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1,340 സിസി ഫോര്‍-സ്ട്രോക്ക് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് DOHC, ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന് ഇതിന് കരുത്ത് പകരുന്നു. ഈ കരുത്തുറ്റ എഞ്ചിന് പരമാവധി 190 bhp പവറും 150 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
6 സ്പീഡ് ഗിയര്‍ ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 1,480 എംഎം വീല്‍ബേസുള്ള മോട്ടോര്‍സൈക്കിളിന് 264 കിലോഗ്രാം ഭാരമുണ്ട്. ഷോവയില്‍ നിന്നുള്ള സസ്പെന്ഷന് സിസ്റ്റവും ബ്രെംബോയുടെ സ്റ്റൈല്‍മ കാലിപ്പറുകളും മുന്‍വശത്ത് കാണാം. ഇതിന്റെ മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകളും പിന്‍വശത്ത് മോണോഷോക്കുമാണ് സസ്പെന്ഷന് ചുമതലകള്‍ നിര്‍വഹിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പ്, അനലോഗ് കണ്‍സോളിന്റെ മധ്യഭാഗത്തുള്ള ടിഎഫ്ടി ഡിസ്പ്ലേ, ചങ്കി സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, വലിയ ഇന്ധന ടാങ്ക് എന്നിവ ഈ മോട്ടോര്‍ സൈക്കിളിന്റെ സവിശേഷതകളില്‍ ഉള്‍ക്കൊള്ളുന്നു.






