
പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘കർണ്ണന്’ ശേഷം ധനുഷിനൊപ്പം വീണ്ടും സിനിമയൊരുക്കാൻ മാരി സെൽവരാജ്. കർണ്ണൻ തിയേറ്ററുകളിൽ എത്തിയ അതേദിവസം പുതിയ ചിത്രം പ്രഖ്യാപിക്കാനായത് സന്തോഷമെന്ന് കുറിച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് അനൗൺസ്മെന്റ് പോസ്റ്റർ പങ്കുവെച്ചത്. 2021 ഏപ്രിൽ ഒൻപതിനായിരുന്നു കർണ്ണന്റെ റിലീസ്.
കർണ്ണൻ തിയേറ്ററുകളിൽ പ്രദർശിപ്പിക്കവെ 2021ൽ മാരി സെൽവരാജിനൊപ്പം അടുത്ത ചിത്രം അണിയറയിലാണെന്ന് ധനുഷ് ട്വീറ്റ് ചെയ്തിരുന്നു. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും 2022ൽ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു ട്വീറ്റിലെ വിവരം. എന്നാൽ ‘മാമന്നൻ’, ‘വാഴൈ’ എന്നീ ചിത്രങ്ങൾ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയായിരുന്നു സംവിധായകൻ.
ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. ധനുഷ് നിർമ്മിക്കുന്ന പതിനഞ്ചാം ചിത്രമാണിത്.






