
മുംബൈ: ലോറന്‍സ് ബിഷ്ണോയി ഗ്യാംഗില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്മാന്ഖാന് തന്റെ സുരക്ഷ വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സല്മാന് ഖാനെ വധിക്കുമെന്ന് പ്രഖ്യാപിച്ച് മുംബൈ പോലീസിനു വധഭീഷണി. ഏപ്രില്‍ 30 ന് താരത്തെ വധിക്കുമെന്ന രീതിയിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
ഇന്നലെ രാത്രി 9 മണിയോടെ 'റോക്കിഭായി' എന്ന് പേര് പറഞ്ഞ് മുംബൈ പോലീസിന്റെ കണ്ട്രോള് റൂമിലേക്കായിരുന്നു സന്ദേശം എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സിനിമ കിസി കാ ഭായ് കിസി കാ ജാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് താരത്തിന് എതിരേയുള്ള വധഭീഷണി പോലീസിന് കിട്ടിയിരിക്കുന്നത്.
ഫോണ്‍ വിളിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നേരത്തേ ലോറന്‍സ് ബിഷ്ണോയിയില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് സല്മാന്ഖാന് ബുള്ളറ്റ്പ്രൂഫോടു കൂടിയ ഒരു എസ് യു വി സ്വന്തമാക്കിയിരുന്നു. താന്‍ ജോധ്പൂരില്‍ നിന്നുമാണ് വിളിക്കുന്നതെന്നും അവിടെ കന്നുകാലികളെ നോക്കുന്നയാളാണെന്നും വിളിച്ചയാള്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി വധഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ നിസ്സാന്റെ 2 കോടി വിലയുള്ള കാറാണ് സല്മാന്ഖാന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞമാസം ഇ മെയിലിലൂടെ താരത്തിനും പിതാവിനും വധഭീഷണി വന്നിരുന്നു. ഈ കേസില്‍ ബാന്ദ്രാപോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് താരത്തിനെ തേടി പുതിയ ഭീഷണി വന്നിട്ടുള്ളത്.






