
വിഷുക്കണിയും, വിഷു സദ്യയും, വിഷു കോടിയുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിയ്ക്കുകയാണ്. ഈ വിഷുവിനു എളുപ്പത്തില്‍ തയാറാക്കാന്‍ പറ്റുന്ന ഒരു നേന്ത്രപഴം പായസം പരിചയപ്പെടാം. അതിനു ആദ്യമായി വേണ്ടത് പേരു പോലെ തന്നെ നേന്ത്രപഴമാണ്.
നന്നായി പഴുത്ത നേന്ത്ര പഴം - 4 എണ്ണം
തേങ്ങയുടെ രണ്ടാം പാല് - രണ്ടര കപ്പ്
ഒന്നാം പാല് - 1 കപ്പ്
ചീകിയ ശര്‍ക്കര - 2 കപ്പ്
നെയ്യ് - 1 ടേബിള്‍ സ്പൂണ്‍
മുന്തിരി - 1 ടേബിള്‍ സ്പൂണ്‍
ആദ്യം എടുത്തു വെച്ചിരിയ്ക്കുന്ന 4 നേന്ത്രപഴത്തില്‍ 3 എണ്ണം ആവിയില്‍ വേവിച്ചെടുക്കണം. ശേഷം തൊലി കളഞ്ഞ് ഉള്ളിലെ കറുത്ത ഡോട്സ് നീക്കം ചെയ്യണം. ശേഷം ഇതിനെ വെള്ളം ചേര്‍ക്കാതെ നന്നായി വെണ്ണ പോലെ അരച്ച് എടുക്കണം. നന്നായി അടി കട്ടിയുള്ള ഒരു പാത്രത്തില്‍ 1/2 കപ്പ് വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് ഉരുക്കി അതിനെ അരിച്ച് മാറ്റി അതേ പാത്രത്തില്‍ തന്നെ തിരിച്ചു ഒഴിക്കുക
ഇനി പാനിയാക്കിയ ശര്‍ക്കരയിലേക്ക് നേരത്തെ അരച്ച് വെച്ചിരിക്കുന്ന നേന്ത്രപഴം ചേര്‍ത്ത് ചെറിയ തീയില്‍ വെച്ച് 5 മുതല്‍ 7 മിനിട്ട് വരെ വേവിക്കണം. അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുത്തുകൊണ്ടേയിരിയ്ക്കണം. ശര്‍ക്കര ഉരുക്കിയതും നേന്ത്രപഴവും നന്നായി മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് രണ്ടാം പാല് ചേര്‍ത്ത് 7 മുതല്‍ 10 മിനിട്ട് വരെ ഇളക്കി കൊടുക്കണം.
ശേഷം ഒന്നാം പാല് ചേര്‍ത്ത് മിക്സ് ചെയ്യാം. ഒന്നാം പാല് ചേര്‍ത്തു കഴിഞ്ഞ് ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അതിലേക്കു അണ്ടിപരിപ്പ് , മുന്തിരി, നേരത്തെ വേവിയ്ക്കാതെ മാറ്റി വെച്ച 1 നേന്ത്രപ്പഴം തൊലി കളഞ്ഞത് എന്നിവ ഫ്രൈ ചെയ്തു പായസത്തില്‍ മിക്സ് ചെയ്യുക. ചൂടോടെ വിളമ്പാം.






