
സോഷ്യല്‍ മീഡിയയില്‍ ദിവസവും പല തരത്തിലുള്ള വീഡിയോ വൈറലാവാറുണ്ട്. അവ നമ്മെ സന്തോഷിപ്പിയ്ക്കാറുണ്ട്, ചിലത് കരയിയ്ക്കാറുണ്ട്, മറ്റ് ചിലത് ഭയപ്പെടുത്താറുണ്ട്. ചില വീഡിയോ നമുക്ക് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നവയാണ്.
ഒരു കെട്ടിടത്തിന്റെ 19 -ാമത്തെ നിലയില്‍ നിന്നും താഴേക്ക് വീണാല്‍ എന്താവും അവസ്ഥ? ജീവന് പോലും തിരിച്ചു കിട്ടുന്നത് പ്രയാസമാണ്. അതുപോലെ കയ്യും കാലും ഒടിയും എന്നത് തീര്‍ച്ചയാണ്. എന്നാല്‍, ഇവിടെ 19 -ാമത്തെ നിലയില്‍ നിന്നും താഴെ വീണ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ഈ വീഡിയോയില്‍.
മദ്യപിച്ച് സ്വബോധമില്ലാതെ കെട്ടിടത്തിന്റെ 19 -ാമത്തെ നിലയില്‍ നില്‍ക്കുകയാണ് ഇയാള്‍. ആര്‍തര്‍ എന്നാണ് ഇയാളുടെ പേര്. കാമുകിയുമായി ബ്രേക്കപ്പിനെ തുടര്‍ന്ന് ഡിപ്രഷന് മൂലമാണ് ആള് മദ്യപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍.
ഏതായാലും മദ്യപിച്ച് ബാല്‍ക്കണിയിലെത്തിയ ആള് അധികം വൈകാതെ താഴേക്ക് വീണു. ഭാഗ്യം കൊണ്ട് ഇയാള്‍ വീണത് താഴെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്കാണ്. ആര്‍തര്‍ താഴേക്ക് വീണതോടെ ഇയാളുടെ ഭാരം താങ്ങാതെ കാര്‍ തകര്‍ന്നു എങ്കിലും പരിക്കുകളൊന്നും കൂടാതെ ആര്‍തര്‍ രക്ഷപ്പെട്ടു. പക്ഷേ കാര്‍ നല്ല രീതിക്ക് തന്നെ തകര്‍ന്നു.
ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നപ്പോള്‍ തന്നെ ആളുകള്‍ അവിടെ തടിച്ചു കൂടുകയും, അധികാരികളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ വീഴുമ്പോഴേക്കും പൊലീസ് എത്തിയിരിക്കുന്നതും വീഡിയോയില്‍ കാണാം. റെഡ്ഡിറ്റിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. വിശ്വസിക്കാന്‍ തന്നെ പ്രയാസം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.






