
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഡേറ്റാ സെന്ററുകളുടെ ജല ഉപഭോഗം വളരെ ഉയര്‍ന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വ്യത്യസ്തമായ ചോദ്യങ്ങള്‍ക്ക് സമഗ്രവും വേഗത്തിലുള്ളതുമായ ഉത്തരങ്ങള്‍ നല്‍കുന്നതിനുള്ള കഴിവ് ചാറ്റ്ജിപിടിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 10 കോടിയിലധികം സജീവ ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഉളളത്.
വിദഗ്ധര്‍ പറയുന്നത് ചാറ്റ്ബോട്ട് വന്‍തോതില്‍ വെള്ളം ഉപയോഗിച്ചതിന്റെ ചെലവിലാണ് ഈ നേട്ടങ്ങളെല്ലാം വന്നിരിക്കുന്നതെന്നാണ്. ചാറ്റ്ജിപിടിയും വെള്ളവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. എന്തെന്നാല്‍ ലോകത്തെ ഭീമന് ഡേറ്റാ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യതി വേണം. മാത്രമല്ല ഇതോടൊപ്പം ഈ ഡേറ്റാ സെന്ററുകള്‍ തണുപ്പിക്കുന്നത് വെള്ളവും അനിവാര്യമാണ്. ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന അമിത താപം നിയന്ത്രിക്കാനും, ഇത്തരം കേന്ദ്രങ്ങള്‍ക്ക് വൈദ്യുതി നല്കുന്നതിനുമാണ് വലിയ തോതില്‍ വെള്ളം ഉപയോഗിക്കുന്നത്.
എഐ ചാറ്റ്ബോട്ടുമായി നടത്തുന്ന 20-50 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ശരാശരി അര ലീറ്റര്‍ വെള്ളം ഉപയോഗിച്ചേക്കാമെന്നാണ് ആര്ക്ക്സീവില് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത് 370 ബിഎംഡബ്ല്യു കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ 700,000 ലീറ്റര്‍ വെള്ളം ജിപിടി3 യുടെ പരിശീലനത്തിന് മാത്രമായി മൈക്രോസോഫ്റ്റിന് ഉപയോഗിക്കേണ്ടി വരുമെന്നാണ്. ലാംഡ പോലുള്ള ഗൂഗിളിന്റെ എഐ സംവിധാനങ്ങളും ദശലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തില്‍ ജലക്ഷാമ പ്രതിസന്ധികള്‍ പിടിമുറുക്കുമ്പോള്‍ ഇത് തരണം ചെയ്യാന്‍ എഐയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.






