
മമ്മൂട്ടി തെലുങ്കിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഏജന്റ്’. കേണല്‍ മഹാദേവായി മമ്മൂട്ടി തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ അഖില്‍ അക്കിനേനിയാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമിയുടെ വിശേഷങ്ങൾ പങ്കുവെച്ചതിനൊപ്പം അഖിൽ ഒരഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
നടന്റെ സ്റ്റാര്‍ഡവും ഇത്രയും കാലത്തെ അഭിനയ പരിജയവും ആദ്യം തന്നെ ഭയപ്പെടുത്തിയിരുന്നെന്ന് പറയുകയാണ് അഖിൽ. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയാണെന്നും ഏജന്റിലെ റോ ചീഫായി മമ്മൂട്ടിയെ അല്ലാതെ മറ്റാരെയും സങ്കല്പ്പിക്കാന് പോലുമാകില്ല എന്നും നടൻ പറഞ്ഞു.
അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ഏറ്റവും വലിയ അനുഭവമാണ്. അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു എനർജിയാണ്. അമാനുഷികമായെന്തോ ഒന്ന് അദ്ദേഹത്തിനുണ്ട് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി സാറുമായുള്ള രംഗമാണ് ചിത്രീകരിക്കുന്നതെങ്കിൽ ഞാൻ ആവേശഭരിതനാകും. അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റി. അദ്ദേഹത്തെ എപ്പോഴൊക്കെ സ്ക്രീനില്‍ കണ്ടാലും ഒരു എനര്‍ജിയാണ്, നടൻ പറഞ്ഞു.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഏപ്രിൽ 28 ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.






