
രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്കായ F77 പുറത്തിറക്കിയാണ് അള്‍ട്രാവയലറ്റ് എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി ശ്രദ്ധേയമായത്. ദുല്‍ഖര്‍ സല്മാന് മൂലധനനിക്ഷേപമുള്ള ബ്രാന്‍ഡ് എന്ന നിലയിലാണ് അള്‍ട്രാവയലറ്റ് ശ്രദ്ധനേടിയത്. വാഹന കമ്പമുള്ള ദുല്‍ഖര്‍ അടുത്ത തന്റെ വാഹനം ഒരു ഇവി ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് യാഥാര്‍ഥ്യമാക്കി അള്‍ട്രാവയലറ്റ് F77 എന്ന സ്പോര്‍ട്സ് ബൈക്കിന്റെ സ്പെഷ്യല്‍ എഡിഷന് മോഡലിനെ സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. ഈ ലിമിറ്റഡ് എഡിഷന് വേരിയന്റിന്റെ വിതരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയ കമ്പനി ആദ്യ മോഡല്‍ ഡിക്യുവിന് കൈമാറിയിരുന്നു. ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ലിമിറ്റഡ് എഡിഷന് പതിപ്പിന്റെ വിതരണം ആരംഭിച്ചത്.
അള്ട്രാവല്റ്റ് ഓട്ടോമോട്ടീവ് ബെംഗളൂരുവിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് F77 ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്കിന്റെ ലിമിറ്റഡ് എഡിഷന് ദുല്‍ഖര്‍ സല്മാന് കൈമാറിയിരിക്കുന്നത്. താരത്തിനൊപ്പം മറ്റ് പല ഉപഭോക്താക്കളും അവരുടെ അള്‍ട്രാവയലറ്റ് F77 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി എടുത്തു. 77 എണ്ണം മാത്രം നിര്‍മിക്കുന്ന സ്പെഷ്യല്‍ എഡിഷന്റെ വില 5.50 ലക്ഷം രൂപയാണ്.
ഇ-സ്പോര്‍ട്സ് ബൈക്കിന്റെ മറ്റ് സാധാരണ വേരിയന്റുകള്‍ക്ക് 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂവീലര്‍ എന്ന പ്രത്യേകതയും F77 ഇവിക്ക് സ്വന്തമാണ്. പാസിവ് കൂളിംഗ് ഫംഗ്ഷനുള്ള ഡെന്‍സര്‍ 10.7 kWh ബാറ്ററി പായ്ക്കാണ് അള്‍ട്രാവയലറ്റ് ഇവിയുടെ ഹൃദയം. 40.2 bhp പവറില്‍ പരമാവധി 100 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്.
ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. വെറും 7.8 സെക്കന്റ് കൊണ്ട് 0-100 കി.മീ വേഗത കൈവരിക്കാനും ബൈക്കിനാവും. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡലുകളും ഈ പതിപ്പിലുണ്ട്. ഡിസൈനിലേക്ക് നോക്കിയാല്‍ ആരും കൊതിക്കുന്ന സൂപ്പര്‍ബൈക്ക് ശൈലിയാണ് അള്‍ട്രാവയലറ്റ് F77 ഇവിക്കുള്ളത്.
എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിലെ പ്രധാന സവിശേഷതകള്‍.






