തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റ പഴ്സണല്‍ സ്റ്റാഫിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസ്. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ സത്യാഗ്രഹവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയും ചിത്രീകരിച്ചുവെന്ന് കാണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
പ്രതിപക്ഷ നേതാവിന്റെ മൂന്നു പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കാണ് നോട്ടീസ് കിട്ടിയത്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് നോട്ടീസ്. കഴിഞ്ഞ മാര്‍ച്ച് 15നാണ് സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പി എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നേരത്തേ നോട്ടീസ് അയച്ചിരുന്നു.
അതേസമയം, പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയും എകെജി സെന്ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് നോട്ടീസ് നല്കാന് നിയമസഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ.- പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയപ്പ് നല്‍കിയത് വിചിത്രമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണം. ലാവ്ലിന് കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ നാടകടത്തുകയാണുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു.






