
ഏപ്രില്‍ 23, ലോക പുസ്തക പകര്‍പ്പവകാശ ദിനം. പുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കാന്‍ ഒരു ദിനം. വായനയും പ്രസിദ്ധീകരണവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് എല്ലാവര്‍ഷവും പുസ്തക ദിനാചരണം നടത്തുന്നത്. 1995 ല്‍ പാരീസില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് വായനയ്ക്കും പുസ്തകങ്ങള്‍ക്കുമായി ഒരു പ്രത്യേക ദിനം മാറ്റിവയ്ക്കാന്‍ യുനെസ്കോ തീരുമാനിച്ചത്.
വിശ്വസാഹിത്യകാരനായ ഷേക്സ്പിയറിന്റെ ജനനവും മരണവും അടയാളപ്പെടുത്തുന്നതിനാലാണ് ഏപ്രില്‍ 23 പ്രാധാന്യമര്‍ഹിക്കുന്നത്. കൂടാതെ പ്രശസ്ത എഴുത്തുകാരായ മിഗ്വല്‍ ഡിസെര്വാന്റെസ്, ഗാര്‍സിലാസോ ഡേലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണ് ഏപ്രില്‍ 23.
ഏപ്രില്‍ 23-ന് സ്പെയ്ന്കാര്ക്കിടയില് റോസാപ്പൂ കൈമാറുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു. 1616 ഏപ്രില്‍ 23-ന് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന് മിഗ്വല്‍ ഡി സെര്‍വാന്റെസിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുസ്തകങ്ങള്‍ കൈമാറുന്ന പതിവ് അവര്‍ ആരംഭിച്ചു. ഇതാണ് യുനെസ്കോയുടെ പുസ്തക ദിനാചരണത്തിനു പ്രചോദനമായത്.
പുസ്തകദിനത്തിനോടനുബന്ധിച്ചു പുസ്തകതലസ്ഥാനമായി ഒരു നഗരത്തെ തിരഞ്ഞെടുക്കുക എന്ന പതിവും ഇതിനോടു ചേര്‍ന്നുണ്ടായി. 2023-ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്രയാണ്. വായനയെ സ്നേഹിക്കുക, വായനയിലേക്ക് ആളുകളെ ആകര്‍ഷിക്കുക, വായനയുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുസ്തകങ്ങള്‍ വിശ്വത്തിന് ആത്മാവും മനസ്സിനു ചിറകളുമാണ്. അവ ഭാവനയിലേക്കു പറന്നുയരാനുള്ള മാധ്യമവും എല്ലാറ്റിനും ജീവന് പകരുന്ന യാഥാര്ത്ഥ്യവുമാണെന്നാണ് പ്ലേറ്റോ അഭിപ്രായപ്പെടുന്നത്. ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും നേര്‍ദിശയിലേക്കു നയിക്കുകയും ചെയ്യുന്ന ഒന്നാണ് പുസ്തകം. പുസ്തകത്തെ സ്നേഹിക്കുന്ന ഒരാള്‍ ഭാഷയും പദാവലിയും സംവേദനവും അനായാസേന സ്വന്തമാക്കുന്നു. സമ്മര്‍ദ്ദങ്ങളുടെ, സംഘര്‍ഷങ്ങളുടെ, സങ്കീര്‍ണതയുടെ വര്‍ത്തമാന ജീവിതസാഹചര്യങ്ങളില്‍ വിശ്രമത്തിനും ആശ്വാസത്തിനും പുസ്തകങ്ങള്‍ക്കുള്ള സ്വാധീനം നിര്‍ണായകമാണ്. ഒരു നല്ല പുസ്തകം ഒരു വ്യക്തിയുടെ ജീവിതത്തിനു നിറവും മിഴിവും നല്കുന്നു.
പുസ്തകങ്ങള്‍ ലോകത്തെ അറിയാനും സംസ്കാരങ്ങളെ പരിചയപ്പെടാനും പാരമ്പര്യങ്ങളെ മനസ്സിലാക്കാനും അങ്ങനെ അറിവിന്റെ അതിരുകളെ വിപുലമാക്കാനുമുള്ള മാധ്യമങ്ങളാണ്. ആധുനികജീവിതത്തിന്റെ സാങ്കേതിക വളര്‍ച്ചയും നിര്‍മിതബുദ്ധി വികാസങ്ങളും സമൂഹജീവിതത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതു തര്‍ക്കാതീതമാണ്. ഈ മാറ്റം പുസ്തകസ്നേഹത്തിലും വായനയിലും ഇന്ന് പ്രകടവുമാണ്.
തദ്ദേശീയ ഭാഷകള്‍ എന്നതാണ് ഈ വര്‍ഷത്തെ പുസ്തക ദിനാചരണത്തിന്റെ പ്രധാന വിചാരം. പ്രാദേശിക ഭാഷാബോധനം സ്കൂള്‍തലം മുതല്‍ പ്രായോഗികമാകുമ്പോഴാണ് അതിനു വളര്‍ച്ചയും വികാസവും ഉണ്ടാകുന്നത്. പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്ന യുജിസി നിര്‍ദേശവും ശുഭോദര്‍ക്കമാണ്.
പ്രാദേശികഭാഷയുടെ ഉപയോഗവും പരിഭാഷകളും പ്രോത്സാഹിപ്പിക്കുമ്പോള്‍ അതിലൂടെ വിജ്ഞാനത്തിന്റെ ഭൂമിക വിശാലമാവുകയും, കാലഹരണപ്പെടുന്നതോ, നഷ്ടപ്പെടുന്നതോ ആയ പ്രാദേശികഭാഷകളും സംസ്കാരങ്ങളും പുനരുജ്ജീവിക്കപ്പെടുകയുമാണ്. അങ്ങനെ പുസ്തകദിനത്തിന്റെ ലക്ഷ്യംതന്നെയായ പുസ്തകങ്ങളെ, സാഹിത്യകാരന്മാരെ പരിചയപ്പെടാനും പ്രചരിപ്പിക്കാനും അങ്ങനെ ചരിത്രപരമായ വിജ്ഞാനത്തില്‍ ഊന്നിനിന്നുകൊണ്ട് സാംസ്കാരികവും സാമൂഹികവും മാനവികവുമായ ഒരു മുന്നേറ്റം ഉണ്ടാക്കാനും പുസ്തകദിനാചരണത്തിലൂടെ സാധിക്കുന്നു.
വായന മരിക്കുന്നുവെന്നു പരിതപിക്കുന്ന നമുക്ക് അതിനെ ഉജ്ജീവിപ്പിക്കാനുള്ള ഒരു ഉത്തരവാദിത്വം കൂടി ഈ ദിനം നല്‍കുകയാണ്. പുസ്തകരചന പ്രോത്സാഹിപ്പിക്കുക, അതിന്റെ പ്രസാധനത്തിന് അവസരങ്ങള്‍ നല്‍കുക, അതിന്റെ വിതരണം സുഗമമാക്കുക, ഗ്രാമങ്ങള്‍തോറും ഗ്രന്ഥശാലകളും വായനയും പ്രോത്സാഹിപ്പിക്കുക. അങ്ങനെ വരുമ്പോള്‍ വായിച്ചു വളരുന്ന ഒരു സമൂഹവും ചിന്തിച്ചു വിവേകം നേടുന്ന ഒരു തലമുറയും നമ്മുടെ സമൂഹത്തിനു കെട്ടുറപ്പു നല്കുമെന്നതില് സംശയമില്ല.
-ഫാ. ജോയി ചെഞ്ചേരില്‍ എം.സി.ബി.എസ്






