
എണ്ണം പറഞ്ഞ കഥകള് കൊണ്ട് മലയാള ചെറുകഥയെ സമ്പന്നമാക്കിയ കഥാകൃത്തുക്കളില് ഒരാളാണ് അര്ഷാദ് ബത്തേരി. നിരവധി കഥാസമാഹാരങ്ങള് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. കഥയില് കേമനാണെന്നതു കൊണ്ട് നോവലില് ശോഭിക്കണമെന്നില്ല. വിപുലവും അഗാധവുമായ വായനാപരിചയവും സൗന്ദര്യബോധവും ആസ്വാദനശേഷിയും കൈമുതലായ വായനാസമൂഹത്തിന് മുന്നിലേക്കാണ് അര്ഷാദ് ബത്തേരി നമ്മുടെ കിടക്ക ആകെ പച്ച എന്ന ആദ്യനോവലുമായി വന്നത്.
പ്രാഥമികമായി നോവലിന്റെ ഇതിവൃത്തത്തിലേക്ക് തന്നെ വരാം. വാര്ദ്ധക്യത്തിന്റെ പ്രശ്നങ്ങള് എന്ന് ഒറ്റവാക്കില് നമുക്ക് സംഗ്രഹിക്കാം. എന്നാല് അത് പൂര്ണ്ണമല്ല താനും. ലവ് ഇന് ദ ടൈം ഓഫ് കോളറയില് മാര്ക്കോസും യസുനാരി കവാബത്ത സഹശയനത്തിലും ഹെമിംഗ്വേ കിഴവനും കടലിലും എന്തിന് നമ്മുടെ ടി.വി.കൊച്ചുബാവ വൃദ്ധസദനത്തിലും വാര്ദ്ധക്യത്തെ വ്യത്യസ്ത തരത്തിലും തലത്തിലും വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രായമായി എന്നതിന്റെ പരാധീനതകളായിരുന്നില്ല ഇവയിലൊന്നും പ്രമേയം.
അര്ഷാദിന്റെ നോവലിലും വിഷയം മറ്റൊന്നാണ്. ജീവിതത്തിന്റെ സായംസന്ധ്യയില് സ്വാഭാവികമായ ഒറ്റപ്പെടലിനെയും ഏകാന്തതയെയും സഹവര്ത്തിത്ത്വത്തിന്റെ പൊന്നൂലിഴകള് കൊണ്ട് അതിജീവിക്കാന് ശ്രമിക്കുന്ന ഒരു പുരുഷനും സ്ത്രീയും അവിചാരിതമായി ലോകത്തെ മുഴുവന് സ്തബ്ധമാക്കിയ കൊവിഡ് മഹാമാരിക്കിടയില് പെട്ട് പോകുമ്പോള് അവരുടെ ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളില് ഈ അവസ്ഥ ഉണര്ത്തുന്ന പ്രതിസന്ധികളും പ്രതികരണങ്ങളുമാണ് നോവലിന്റെ പ്രമേയ ഭൂമിക. വാര്ദ്ധക്യം ശാപമോ ദുരന്തമോ അല്ലെന്നും അതിനെ അനുഗ്രഹമായി പരിവര്ത്തിപ്പിക്കാന് കഴിയുമെന്നും ഈ നോവല് നമ്മോട് പറയാതെ പറയുന്നു. വാര്ദ്ധക്യത്തിന്റെ പോസിറ്റീവ് ഫാക്ടേഴ്സിനെ എക്സ്പ്ലോര് ചെയ്യുന്ന രചന എന്ന് തന്നെ ഒറ്റവാചകത്തില് ഈ കൃതിയെ സംഗ്രഹിക്കാം. സമകാലീന നോവലില് വളരെ വിരളമായ ഡയറക്ട്നസ് എന്ന വിലയേറിയ ഗുണം ദീക്ഷിക്കുന്ന രചനയാണിത്. നേരിട്ട് നേരെ ചൊവ്വേ മനുഷ്യപ്പറ്റോടെ കഥ പറഞ്ഞ് പോകുന്ന രീതി.
വിവിധ ഘടകങ്ങളുടെ ജൈവസംശ്ലേഷണം
അര്ഷാദ് ബത്തേരിയുടെ കൃതി മികച്ചു നില്ക്കുന്നത് നോവല് എന്ന കലാരൂപത്തിന്റെ പൂര്ണ്ണതയുമായി ചേര്ന്ന് നില്ക്കുന്ന വിവിധ ഘടകങ്ങളുടെ ജൈവസംശ്ലേഷണം കൊണ്ടാണ്. പണിക്കുറ്റം തീര്ത്ത ശില്പ്പം പോലെയാണ് അര്ഷാദ് തന്റെ നോവല് രൂപപ്പെടുത്തിയിട്ടുളളത്. ദുര്മേദസ് പൂര്ണ്ണമായും ഒഴിവാക്കിക്കൊണ്ടുളള ആഖ്യാനസമീപനം. വേണ്ടത് വേണ്ടത്ര മാത്രമായി വേണ്ടതു പോലെ പറഞ്ഞ് ഫലിപ്പിക്കാനുളള ഔചിത്യബോധം. ഒരു ഘടകങ്ങളും മുഴച്ചുനില്ക്കാത്ത വിധം കടുത്ത ശ്രദ്ധയും ജാഗ്രതയും പുലര്ത്തിയിരിക്കുന്നു നോവലിസ്റ്റ്. കഥാകാരന് എന്ന നിലയില് സ്വയം ആര്ജ്ജിച്ച തിരിച്ചറിവുകള് അദ്ദേഹത്തെ സഹായിച്ചിരിക്കാം. കഥ സൂക്ഷ്മതയുടെയും നോവല് സ്ഥൂലതയുടെയും കലയാണെന്ന് പുറമെ പറയുമ്പോഴും രണ്ടിലും വെല് എഡിറ്റഡ് റൈറ്റിംഗിന്റെ സാധ്യതകള് ഏറെയാണ്. പാശ്ചാത്യസാഹിത്യത്തില് ലിറ്റററി എഡിറ്റര്മാര്ക്ക് സര്ഗാത്മക സൃഷ്ടികള് മിനുക്കുന്നതില് വലിയ പങ്കുണ്ട്. എന്നാല് മലയാളസാഹിത്യത്തില് ഇത് അത്ര സാര്വത്രികമല്ല. എന്നാല് സെല്ഫ് എഡിറ്റിംഗ് എന്ന പ്രക്രിയയുടെ സാധ്യതകള് ഉള്ക്കൊണ്ട് തങ്ങളുടെ കൃതികളില് അത് പ്രയോജനപ്പെടുത്തിയ സേതുവും എം.മുകുന്ദനും അടക്കം നിരവധി എഴുത്തുകാരുണ്ട്
അര്ഷാദ് ബത്തേരി അസാമാന്യമായ കയ്യടക്കത്തോടെ താന് കയ്യാളുന്ന സാഹിത്യരൂപത്തെ സമീപിച്ചിരിക്കുന്നു. ആദ്യമായി നോവല് എഴുതുന്ന ഒരാളുടെ കൈക്കുറ്റപ്പാടുകള് പാടെ ഒഴിവാക്കി കൃതഹസ്തനായ ഒരു നോവലിസ്റ്റിന്റെ കൈത്തഴക്കവും മെയ്വഴക്കവും പ്രകടിപ്പിക്കുന്നു അര്ഷാദ്.
ശില്പ്പഘടനയിലും ഈ സൂക്ഷ്മത നിലനിര്ത്താന് അദ്ദേഹത്തിന് കഴിയുന്നു. എന്ത് പറയുന്നു എന്നതിലുപരി എങ്ങനെ പറയുന്നു എന്നതിന് നോവലില് വലിയ പ്രാധാന്യമുളളതായി ഓര്ഹന് പാമുക്ക് നിരീക്ഷിച്ചിട്ടുണ്ട്.
പാത്രസൃഷ്ടി ഒരു സര്ഗാത്മസസൃഷ്ടിയെ സംബന്ധിച്ച് നിര്ണ്ണായക ഘടകമാണ് . വായനക്കാരന്റെ ഹൃദയത്തിലേക്ക് നോവല് ലക്ഷ്യവേദിയാക്കുന്ന ആശയത്തെ സംക്രമിപ്പിക്കുന്നതില് കഥാപാത്രങ്ങള് വഹിക്കുന്ന പങ്ക് മര്മ്മപ്രധാനമാണ്. ഫ്ളാറ്റായ പാത്രസൃഷ്ടി കൊണ്ട് പാളിപ്പോയ രചനകളുടെ ധാരാളിത്തം സമകാലിന സാഹിത്യത്തെ വേട്ടയാടുമ്പോള് അനുവാചകനെ വൈകാരിമായി സ്വാധീനിക്കാന് കെല്പ്പുളള പാത്രസൃഷ്ടിയിലൂടെ അര്ഷാദ് നോവലിന്റെ അടിസ്ഥാന ഘടകങ്ങളില് ഒന്നായ പാത്രസൃഷ്ടിയിലും അനന്യമായ വിജയം നേടുന്നു.
കാലികമായ ഒരു വിഷയം പറയുമ്പോഴും അതിനെ സാര്വജനീനമായ തലത്തിലേക്ക് പരിവര്ത്തിപ്പിക്കാന് കഴിയുന്നു എന്നതാണ് ഇതിവൃത്തപരമായി ഈ നോവല് മുന്നോട്ട് വയ്ക്കുന്ന മാജിക്ക്.
ഭാഷയുടെ ചാരുതയാണ് ഈ നോവലില് ഏറ്റവും സവിശേഷമായി അനുഭവപ്പെട്ട ഘടകം. സ്വപ്നസുന്ദരമായ പ്രയോഗങ്ങളാല് സമ്പന്നമാണ് ഈ നോവല്. അനുപമമമായ ലാവണ്യാനുഭവം സമ്മാനിക്കുന്ന നിരവധി വാചകങ്ങള് നോവലില് ഉടനീളമുണ്ട്. ഒരു പ്രയോഗമോ വാചകമോ ആകത്തുകയില് നിന്നും വേറിട്ട് നില്ക്കുന്നില്ല എന്ന് മാത്രമല്ല വളരെ ഔചിത്യപൂര്ണ്ണമായി നോവല് ശില്പ്പത്തോട് ചേര്ന്ന് നില്ക്കുകയും ചെയ്യുന്നു.
സാഹിത്യം എക്കാലവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില് ഒന്ന് ചര്വിതചര്വണം ചെയ്യപ്പെട്ട ഭാഷാപ്രയോഗങ്ങള് തന്നെയാണ്. നിരന്തരം ആവര്ത്തിക്കപ്പെട്ട പദാവലികള് കൊണ്ട് കഥ പറയുന്ന നോവലുകള് ആ മാധ്യമത്തിന്റെ ശക്തിസൗന്ദര്യം ചോര്ത്തിക്കളയുന്നു. നോവല് എന്ന പദത്തിന് തന്നെ നൂതനം, പുതിയത് ഒന്ന ധ്വനിയുണ്ട്. പ്രമേയപരമായി മാത്രമല്ല ആഖ്യാനശൈലിയിലും ഭാഷാപ്രയോഗങ്ങളിലുമെല്ലാം ഈ വിധത്തില് നൂതനത്വം കൊണ്ടുവരാന് കഴിയുക എന്നതാണ് ഒരു എഴുത്തുകാരന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അര്ഷാദ് എത്ര ഭംഗിയായാണ് ഈ ദൗത്യം നിര്വഹിക്കുന്നതെന്ന് നോവലിലെ ഓരോ അദ്ധ്യായങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ചിരപരിചിതമായ പദങ്ങള് കോര്ത്തിണക്കി പുതിയ വാചകങ്ങളും ആശയനിര്മ്മിതിയും സാധ്യമാക്കുക. കേവലം ആശയസംവേദനത്തിനപ്പുറം നവീനമായ ഒരു സൗന്ദര്യാനുഭാവം പ്രദാനം ചെയ്യാന് കഴിയുക. അസാധ്യ പ്രതിഭാശാലിയായ ഒരു നോവലിസ്റ്റിന് മാത്രം കഴിയുന്ന ഒന്നാണിത്.
ചില ഉദാഹരണങ്ങള് പരിശോധിക്കാം. നോവല് തുടങ്ങൂന്നത് തന്നെ ഇങ്ങനെയാണ്.
''മഞ്ഞുകാലത്ത് പൂക്കള് ഗര്ഭിണികളെ പോലെയാണ്. നിറം വെച്ച് നനവോടെ തുടുത്തുനില്ക്കും''
ഭാഷയുടെ ഭംഗിക്കപ്പുറം ഈ ബിംബകല്പ്പനകള് ഒരു ചിത്രം വരയ്ക്കുകയാണ്. നമ്മള് കണ്ടുപരിചയിച്ച ഗര്ഭിണികളുടെ ചിത്രവുമായി കൂട്ടിവായിക്കുകയാണ്.
കൊവിഡ് മഹാമാരിയെ രണ്ടേ രണ്ട് വാചകങ്ങളില് നോവലിസ്റ്റ് സംക്ഷേപിക്കുന്നത് നോക്കാം.
'അതിര്ത്തികളും ഭൂപടങ്ങളും മാഞ്ഞുപോയി. ലോകത്തെ മുഴുവന് മനുഷ്യരും ഭയം വിഴുങ്ങി വിറച്ചു നില്ക്കുന്ന ദിനങ്ങള്'
കുറച്ച് പറഞ്ഞ് കൂടുതല് ധ്വനിപ്പിക്കുക എന്നതാണ് കലയുടെ ധര്മ്മം. ഒരു സമീപകാല നോവലില് കതകിന്റെ വിജാഗിരി വര്ണ്ണിക്കാന് ഉപയോഗിച്ചിരിക്കുന്നത് രണ്ട് പേജ്. അര്ഷാദ് കോവിഡിന്റെ ഭീതിദമായ ചിത്രം മുഴുവന് രണ്ടേ രണ്ട് വരികളില് വരഞ്ഞിടുന്നു.
പ്രണയത്തെ നോവലിസ്റ്റ് നിര്വചിക്കുന്ന ഒരു രംഗമുണ്ട്. കഥാനായിക കഥാനായകനോട് പറയുകയാണ്.
'ഞാനിപ്പോള് സമയത്തെക്കുറിച്ച് ഓര്ക്കുന്നതേയില്ല. ഒരാളെ ഇഷ്ടപ്പെടാന് തുടങ്ങിയാല് നമ്മളില് നിന്ന് ആദ്യം സമയം നഷ്ടപ്പെടും. പിന്നെ ചുറ്റുപാടുകളും യുക്തിയും കണക്കുകളുമെല്ലാം നഷ്ടപ്പെടും. നമ്മള് മാത്രമായി ചുരുങ്ങൂം. ലോകം നമുക്ക് പിറകെയാണെന്നും എന്നും മുന്നില് നമ്മളാണെന്നും വിശ്വസിച്ചുകളയും. നമുക്കുവേണ്ടി എല്ലാ ഇടങ്ങളും മനോഹരമാവുകയാണെന്നു തോന്നും. കേണലേ എനിക്ക് സമയം അറിയുകയേ വേണ്ട'
ഒരു ഘട്ടത്തില് മുഖ്യകഥാപാത്രം പറയുന്നു
'മരണം പോലെയാണ് ഒരാളോടുളള ഇഷ്ടവും. അത് ഏത് നിമിഷത്തിലാ വരികയെന്ന് പറയാനാവില്ലല്ലോ?'
ഇങ്ങനെ എത്രയെത്ര ഉദ്ധരണികള്...
മനസില് തൊടുന്ന എഴുത്ത്
യാന്ത്രിക പദാവലികളുടെ ഒരു സമ്മേളനമല്ല നോവല്. അത് ആധാരമെഴുത്ത് പോലെ വരണ്ടതും വിരസവും കേവലം അടയാളപ്പെടുത്തല് മാത്രമാകുന്നു. നോവല് ഭാവസാന്ദ്രമാകണം. അനുഭൂതികളുണര്ത്താന് കഴിയണം. അതിന് കൃത്യമായ അനുപാതം ഉണ്ടാവണം. പള്പ്പ് കൃതികള് പോലെ നിയന്ത്രണച്ചരട് നഷ്ടപ്പെട്ട വൈകാരികതയാവരുത്.
അലര്ച്ചയുടെ സ്ഥാനത്ത് നേരിയ ഒരു മൂളലിന്റെ മിതത്വത്തിലൂടെ പാട്ടിന്റെ മുഴുവന് ഭംഗിയും ആഴവും ധ്വനിപ്പിക്കാന് കഴിയണം. നോവലിന്റെ ഭാവനിര്ണ്ണയവും ഭാവനിര്മ്മിതിയും തന്റെ കലയുടെ മേല് എഴുത്തുകാരനുളള ധാരണയുമായി ബന്ധപ്പെട്ട ഒന്നാണ്. അര്ഷാദ് വളരെ കൃത്യമായി അത് നിര്വഹിച്ചിരിക്കുന്നു.
ഭാവാത്മകതയാണ് ഈ നോവലിന്റെ ഏറ്റവും വലിയ മേന്മകളില് ഒന്ന്. അതിഭാവുകത്വത്തോളം ചെന്നുപെടാതെ നിയന്ത്രിത വൈകാരികതയിലുടെ ആഖ്യാനം നിര്വഹിക്കാന് അസാധാരണമായ കയ്യടക്കം വേണം. ഇതിലെല്ലാം നോവലിസ്റ്റ് അതീവജാഗ്രത പുലര്ത്തുന്നു.
ഏതൊരു സര്ഗാത്മകസൃഷ്ടിയും എന്ന പോലെ നോവല് അനുഭവതലസ്പര്ശിയാവണം എന്ന് പറയാറുണ്ട്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല് വായനക്കാരനെ അനുഭവിപ്പിക്കാന് കഴിയുക എന്ന് തന്നെയാണ് ഇതിനര്ത്ഥം. അത് സാധ്യമാവണമെങ്കില് ആഖ്യാനം ഫലപ്രദമായി നിര്വഹിക്കാന് എഴുത്തുകാരന് കഴിയണം. തന്റെ മനസില് ആഴത്തില് പതിഞ്ഞ വൈകാരിതലത്തെ അതേ അനുപാതത്തിലും തീവ്രതയിലും അനുവാചകനിലേക്ക് സംക്രമിപ്പിക്കുക എന്ന അവസ്ഥ ശ്രമകരമാണ്. അര്ഷാദ് അതും കരതലാമലകം പോലെ സാധിച്ചിരിക്കുന്നു.
പാളിപ്പോകാവുന്ന പ്രമേയമായിരുന്നു നോവലിന്റേത്. വാര്ദ്ധക്യത്തിന്റെ പ്രശ്നങ്ങളും കൊവിഡിന്റെ പശ്ാത്തലവുമെല്ലാം പലരും പലകുറി പല വിധത്തില് നോവലുകള്ക്ക് വിഷയമാക്കിയിട്ടുണ്ട്.
എന്നാല് എല്ലാത്തരം പ്രാതികൂല്യങ്ങള്ക്കിടയിലും ഒളിഞ്ഞിരിക്കുന്ന പ്രതീക്ഷയുടെ, ജീവിതോന്മുഖതയുടെ സാധ്യതകളെ കൊവിഡ്, വാര്ദ്ധക്യം എന്നീ രണ്ട് സംജ്ഞകള് മുന്നിര്ത്തി വ്യാഖ്യാനിക്കാന് നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ കൃതി പ്രതീക്ഷാപൂര്ണ്ണതയുടെ ആഖ്യാനം കൂടിയായി പരിണമിക്കുന്നു.
ഉപരിതലത്തില് വാര്ദ്ധക്യത്തെക്കുറിച്ച് ഒരു നോവല് എന്ന് തോന്നാമെങ്കിലും നമ്മുടെ കിടക്ക ആകെ പച്ച ആത്യന്തികമായി സംവദിക്കാന് ശ്രമിക്കുന്നത് ഏകാന്തതയെക്കുറിച്ചാണ്. മനുഷ്യന്റെ ആന്തരികഭാവങ്ങളെക്കുറിച്ചാണ്. ജീവിതം എന്ന സംജ്ഞയെ തന്നെ ആഴത്തില് ധ്വനിപ്പിക്കാന് ശ്രമിക്കുകയാണ് ഈ നോവല്.
മനുഷ്യന് ജനിക്കുന്നത് ഏകനായാണ്. മരിക്കുന്നതും അങ്ങനെ തന്നെ. ഇതിനിടയിലെ ഹ്രസ്വമായ ഇടവേളയാണ് ജീവിതമെങ്കില് അതിലും ഭീതിദമായ ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ അവസ്ഥാപരിണതികളുണ്ട്. അതിനെ ഫലപ്രദമായി മറികടക്കാനുളള മനുഷ്യന്റെ ശ്രമങ്ങളാണ് യഥാര്ത്ഥത്തില് ജീവിതത്തിന് നിറവും മണവും ഗുണവും നല്കുന്നത്. കേണല് എന്ന ഒറ്റപ്പെട്ട മനുഷ്യനും അഹല്യ എന്ന ഒറ്റപ്പെട്ട സ്ത്രീയും ടെലഫോണ് സംവാദങ്ങളിലൂ ടെ തങ്ങളുടെ എകാന്തതയെ അതിജീവിക്കാന് ശ്രമിക്കുന്നു. പരസ്പരം കരുതാനും താങ്ങാവാനും തണലാവാനും ആരോ ഉണ്ടെന്ന തോന്നല് നല്കുന്ന ആന്തിരകസമാധാനവും സുരക്ഷിതത്വവും അവരെ ജീവിക്കാന് പ്രേരിപ്പിക്കുന്നു. ജീവിതത്തിന് അതുവരെയില്ലാത്ത അര്ത്ഥമുണ്ടെണന്ന തോന്നല് ജനിപ്പിക്കുന്നു. രണ്ട് വ്യക്തികള് പരസ്പരം കണ്ടെത്തുന്ന അപൂര്വനിമിഷങ്ങളുടെ സമന്വയമാണ് ജീവിതം എന്ന തോന്നല് ജനിപ്പിക്കാന് ഈ കൃതിക്ക് കഴിയുന്നു.
ഉപാധികളില്ലാത്ത ബന്ധമാണ് സൗഹൃദം എന്ന് പറയാറുണ്ട്. സൗഹൃദം, സ്നേഹം, കരുതല്, ഏകാന്തത, വര്ദ്ധക്യം, ഒറ്റപ്പെടല്...എന്നിങ്ങനെ മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങളെ ഒറ്റച്ചിമിഴിലേക്ക് ആവാഹിച്ചുകൊണ്ട് നിത്യുനൂതനവും സാര്വജനീനവുമായ ഒരു അനുഭവം സമ്മാനിക്കുന്ന നോവലാണ് നമ്മുടെ കിടക്ക ആകെ പച്ച. വിവേചനശേഷിയും മികച്ച സാഹിത്യാവബോധവുമുളള മലയാളി വായനക്കാരുടെ ഹൃദയാന്തരങ്ങളില് ഈ നോവല് കെടാത്ത ദീപം പോലെ എന്നും ജ്വലിച്ച് നില്ക്കുക തന്നെ ചെയ്യും
-സജില്ശ്രീധര്







Comments