
മൊബൈല്‍ ഫോണുകളില്‍ പൊതുശൗചാലയങ്ങളില്‍ കാണപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നുവെന്ന് ഡെര്‍മറ്റോളജിസ്റ്റായ ഡോ. മമിന തുരെഗാനോയുടെ വെളിപ്പെടുത്തല്‍. സദാസമയവും നാം കയ്യില്‍ കരുതുന്ന മൊബൈലുകള്‍ നിരവധി ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഇവര്‍ പറയുന്നു.
മൊബൈല്‍ ഫോണുകള്‍ എപ്പോഴും ബാക്ടീരിയകളാല്‍ മൂടപ്പെട്ടതാണെന്നും പൊതുശൗചാലയങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ടെന്നും മമിന പറയുന്നു. മൊബൈല്‍ ഫോണ്‍ നാമെപ്പോഴും കൈകൊണ്ട് സ്പര്‍ശിക്കുന്നതിനാല്‍ തന്നെ ഈ ബാക്ടീരിയകള്‍ എളുപ്പത്തില്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമെന്നും ഫോണില്‍ സംസാരിക്കുമ്പോള്‍ മുഖത്തോട് ചേര്‍ത്ത് പിടിക്കുന്നതിനാല്‍ തന്നെ ഈ ബാക്ടീരിയകള്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള നിരവധി ചര്‍മ രോഗങ്ങള്‍ക്കും കാരണമായേക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവര്‍ തന്റെ ടിക്ക് ടോക് വീഡിയോയിലൂടെ മൊബൈല്‍ ഫോണ്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളും പങ്കുവയ്ക്കുന്നതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ വൃത്തിയാക്കുന്നതിനായി വൈപ്പുകള്‍ ഉപയോഗിച്ചോ സോപ്പ് വെള്ളത്തില്‍ മുക്കിയ തുണി അല്ലെങ്കില്‍ 70 ശതമാനത്തില്‍ അധികം സാന്ദ്രതയുള്ള മദ്യം എന്നിവ ഉപയോഗിച്ചോ നനച്ച് തുടയ്ക്കുന്നത് നന്നായിരിക്കുമെന്നാണ് ഡോ മമിന നിര്‍ദ്ദേശിക്കുന്നത്. കൗമാരക്കാരുടെ മൊബൈലില്‍ കുറഞ്ഞത് 17,000 ബാക്ടീരിയകളുണ്ടെന്നാണ് അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇത് സാധാരണ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 10 മടങ്ങ് കൂടുതലാണ്.






