
ഋഷി സുനക് യുകെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം തന്റെ മകള്‍ അക്ഷതാ മൂര്‍ത്തിയാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ സുധാ മൂര്‍ത്തി. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഋഷി സുനക ് മാറിയത് അക്ഷത മൂര്‍ത്തി കാരണമാണെന്നാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇവര്‍ പരാമര്‍ശിക്കുന്നത്.
'ഞാന്‍ എന്റെ ഭര്‍ത്താവിനെ ബിസിനസുകാരനാക്കി. എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതിന് കാരണം. ഭാര്യക്ക് എങ്ങനെ ഭര്‍ത്താവിനെ മാറ്റാന്‍ കഴിയുമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവിനെ മാറ്റാന്‍ കഴിഞ്ഞില്ല,' സുധാ മൂര്‍ത്തി പറഞ്ഞു. ഋഷി സുനക് 2009ലാണ് അക്ഷതാ മൂര്‍ത്തിയെ വിവാഹം കഴിച്ചത്.
ഏറ്റവും സമ്പന്നരായ ലോകത്തിലെ ശതകോടീശ്വരന്മാരില് ഒരാളായ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി. ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ കൂടിയാണ് നാരായണ മൂര്‍ത്തി. യുകെയുടെ പ്രധാന മന്ത്രിയായി 2022 ലാണ് ഋഷി സുനക് സ്ഥാനമേറ്റത്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയെന്നതിനു പുറമെ ഇന്ത്യന്‍ വംശജന് എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.






