
യജമാനന്മാരോട് സനേഹം പ്രകടനം നടത്തുന്ന വളര്‍ത്തുമൃഗങ്ങളില്‍ മുന്‍പന്തിയിലാണ് നായ്ക്കള്‍. നായ്ക്കളും ഉടമയും തമ്മിലുള്ള രസകരമായ പല വാര്‍ത്തകളും ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് ആളുകളുടെ മനം കവരുന്നത്. ഒരു നായ തന്റെ പഴയ ഉടമയെ തേടി സഞ്ചരിച്ചത് ഒന്നും രണ്ടുമൊന്നുമല്ല ഏകദേശം 64 കിലോമീറ്ററുകളാണ്.
അയര്‍ലന്‍ഡിലാണ് കൗതുകമുണര്‍ത്തുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. കൂപ്പര്‍ എന്ന ഗോള്‍ഡന്‍ റിട്രീവറെ മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ അവന്റെ ഉടമകള്‍ അവനെ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ കൗണ്ടി ടൈറണ്‍ എന്ന സ്ഥലത്തേക്കാണ് പുതിയ ഉടമകള്‍ കൂപ്പറെ കൊണ്ടുപോയത്. എന്നാല്‍ പഴയ ഉടമയെ പിരിയുന്നതില്‍ അസ്വസ്തനായ കൂപ്പര്‍ കിലോമീറ്റര്‍ക്ക് അപ്പുറമുള്ള പുതിയ വീട്ടില്‍ എത്തിയ ഉടനെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് നായയ്ക്ക് വേണ്ടി ഒരു മാസം നീണ്ട തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 64 കിലോമീറ്റര്‍ അകലെയുള്ള തന്റെ പഴയ ഉടമയുടെ അടുത്തേക്ക് തന്നെ കൂപ്പര്‍ തിരിച്ചെത്തി. തിരക്കേറിയ വഴികളും വനങ്ങളും താണ്ടി മറ്റൊരുടെയും സഹായമില്ലാതെയാണ് കൂപ്പര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. എന്നാല്‍ ഇത്രയും ത്യാഗം സഹിച്ച് നായ തിരിച്ചെത്തിയെങ്കിലും കൂപ്പറെ പുതിയ ഉടമകള്‍ക്കൊപ്പം വിട്ടയ്ക്കാന്‍ തന്നെയാണ് പഴയ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.






