
നിരാഹാരത്തെ കുറിച്ച് പല വാര്‍ത്തകളും നമ്മള് കേട്ടിട്ടുണ്ട്. അര്‍ഹതയുള്ള അവകാശങ്ങള്‍ നേടിയെടുക്കാനാണ് പലരും നിരാഹാരം കിടക്കുന്നത് . ഇസ്രായേല്‍ തടവറയില്‍ മൂന്ന് മാസത്തോളം നിരാഹാര സമരം നടത്തിയ ഒരു പാലസ്തീന് തടവുകാരന് കഴിഞ്ഞ ദിവസം മരിച്ചതോടെ നിരാഹാരത്തെ സംബന്ധിച്ചു ഇപ്പോള്‍ അനവധി വാര്‍ത്തകളാണ് വരുന്നത്. 87 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് അദ്ദേഹം മരണപ്പെട്ടത്.
പാലസ്തീന് ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ നേതാവായ ഖാദര്‍ അദ്നാന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ശക്തമായ റോക്കറ്റ് ആക്രമണം ഗാസാ മുനമ്പില്‍ ഹമാസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലും റോക്കറ്റ് ആക്രമണം ശക്തമാക്കി. മദ്ധ്യേഷ്യ വീണ്ടും സംഘര്‍ഷ ഭൂമിയായി.
2015 ലും 2018 ലും യഥാക്രമം 56, 58 ദിവസങ്ങള്‍ നീണ്ടുനിന്ന മറ്റ് രണ്ട് നിരാഹാര സമരങ്ങളും ഖാദര്‍ അദ്നാന് നടത്തിയിട്ടുണ്ട്. 66 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തില്‍ മറ്റ് തടവുപുള്ളികളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അണി ചേര്‍ന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഖാദര്‍ തന്റെ ജീവിതത്തിന്റെ അഞ്ചിലൊന്ന് കാലം ഇസ്രായേലിന്റെ തടവറയിലായിരുന്നു കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖാദറിനെ ഇസ്രായേല്‍ അവസാനമായി അറസ്റ്റ് ചെയ്തത്.
'ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇസ്രായേല്‍ സൈനിക കോടതി ഖാദറിന് ജാമ്യം നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്. ഖാദര്‍ അദ്നാന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇസ്രായേലി ജയില്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ജയിലിലെ നിരാഹാര സമരങ്ങളോട് സഹിഷ്ണുത കാണിക്കേണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് രാജ്യങ്ങളും സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1000 പാലസ്തീന്‍കാരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് തടവറയില്‍ അടച്ചു.
