
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ച് ജനപ്രിയ വെയറബിള്‍ ബ്രാന്റായ നോയിസ്. നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയത്. നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 സ്മാര്‍ട്ട് വാച്ച് മൂന്ന് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ലൈഫ്സ്റ്റൈല്‍ എഡിഷന്, ക്ലാസിക് എഡിഷന്, എലൈറ്റ് എഡിഷന് എന്നിവയാണ് ഈ വാച്ചുകളുടെ വേരിയന്റുകള്‍. ലൈഫ്സ്റ്റൈല്‍ എഡിഷന് മോഡലിന് 4,499 രൂപയാണ് വില. ക്ലാസിക്ക് എഡിഷന് 4,999 രൂപയും എലൈറ്റ് എഡിഷന് 5,499 രൂപയുമാണ് വില.
മൂന്ന് മോഡലുകളിലും ഏറെക്കുറെ സമാനമായ സവിശേഷതകളാണുള്ളത്. മൂന്ന് മോഡലുകളും മൂന്ന് സ്ട്രാപ്പ് ടൈപ്പുകളില്‍ ലഭ്യമാകും. നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 സ്മാര്‍ട്ട് വാച്ച് ആമസോണ്‍.ഇന്‍, ഗോനോയിസ്.കോം എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാനലുകള്‍ വഴി ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് റിലയന്‍സ്, ക്രോമ, വിജയ് സെയില്‍സ്, പൂര്‍വിക മൊബൈല്‍സ് തുടങ്ങിയ നിരവധി ഓഫ്ലൈന് ചാനലുകള്‍ വഴിയും നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 സ്മാര്‍ട്ട് വാച്ച് സ്വന്തമാക്കാം. നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 സ്മാട്ട് വാച്ചില്‍ മെറ്റല്‍ ഫ്രെയിമാണുള്ളത്. ഇതില്‍ 1.96 ഇഞ്ച് AMOLED ഡിസ്പ്ലെ നല്‍കിയിട്ടുണ്ട്. ഈ ഡിസ്പ്ലെയ്ക്ക് 550 നിറ്റ്സ് ബ്രൈറ്റ്നസാണുള്ളത്. 410x502 പിക്സല്‍ സ്ക്രീന്‍ റെസല്യൂഷനുള്ള ഡിസ്പ്ലെയാണിത്. ഒന്നിലധികം വാച്ച് ഫെയ്സ് ഓപ്ഷനുകളുമായിട്ടാണ് നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 വരുന്നത്. വാച്ചില്‍ ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ലേ എന്ന ഓപ്ഷനും നോയിസ് നല്‍കിയിട്ടുണ്ട്.
നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 കുറച്ച് നേരം ചാര്‍ജ് ചെയ്താല്‍ തന്നെ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. ഒരിക്കല്‍ മുഴുവനായി ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലൈഫാണ് ലഭിക്കുക. ഡു നോട്ട് ഡിസ്റ്റര്‍ബ് ഫീച്ചറും ഈ വാച്ചിലുണ്ട്. ഔട്ട്ഡോര്‍ വ്യായാമങ്ങള്‍ തിരിച്ചറിയുന്ന ഓട്ടോ സ്പോര്‍ട്സ് ഡിറ്റക്ഷന്‍ ഫീച്ചറുമായിട്ടാണ് വാച്ച് വരുന്നത്. കോളുകള്‍ നിയന്ത്രിക്കുന്നതിനും നേരത്തെ വന്ന കോളുകളുടെ നമ്പരുകള്‍ കാണാനുമുള്ള ഫീച്ചറും നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3യില്‍ ഉണ്ട്. 100ല്‍ അധികം സ്പോര്‍ട്സ് മോഡുകള്‍, 150 വാച്ച് ഫെയ്സുകള്‍ എന്നിവയാണ് വാച്ചിന്റെ മറ്റ് സവിശേഷതകള്‍.
ജെസ്ചര്‍ കണ്ട്രോള് സാങ്കേതികവിദ്യയുമായിട്ടാണ് നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 വരുന്നത്. വാച്ചിന്റെ ഡിസ്പ്ലേ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ടാപ്പ് ടു വേക്ക്, പാം കണ്ട്രോള് തുടങ്ങിയ ഫംഗ്ഷനുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ സ്മാര്‍ട്ട് വാച്ച് ഐപി 68 വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്‍സുമായിട്ടാണ് വരുന്നത്. നോയ്സ് കളര്‍ഫിറ്റ് അള്‍ട്ര 3 സ്മാര്‍ട്ട് വാച്ചിലുള്ള ട്രൂസിങ്ക് സാങ്കേതികവിദ്യ മെച്ചപ്പെട്ട കോള്‍ ക്വാളിറ്റി നല്കുന്നു. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് ഈ വാച്ചിലുള്ളത്.






