
ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചു വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളാണ് യുട്യൂബ്, ടിക് ടോക്, ഇന്‍സ്റ്റാഗ്രാം , വാട്സ് ആപ്പ് എന്നിവ. എന്നാല്‍, ഇവയില്‍ ആദ്യ സ്ഥാനം ടിക് ടോക്കിനെന്നാണ് പുതിയ കണ്ടെത്തല്‍.
മെല്റ്റ് വാട്ടര്‍, വി ആര് സോഷ്യല്‍ എന്നിവയില്‍ 2023 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ 2023 ഗ്ലോബല്‍ സ്റ്റാറ്റ്ഷോട്ട് റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ഉപയോക്താക്കള്‍ 2022 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ പ്രതിമാസം ശരാശരി 31 മണിക്കൂറും 32 മിനിറ്റും ടിക് ടോകില്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ചിരിക്കുകയാണെങ്കിലും ലോകം മുഴുവനുമുള്ള സോഷ്യല്‍ ഉപയോക്താക്കളെ അടിസ്ഥാദനപ്പെടുത്തി നടത്തിയ പഠനത്തില്‍ ടിക് ടോക് മുന്‍പന്തിയിലാണ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പ്രതിമാസം 23 മണിക്കൂറും 4 മിനിറ്റും കൊണ്ട് ഒന്നാം സ്ഥാനത്തായിരുന്ന യൂ ട്യൂബിനെ മറികടക്കുന്നതിലാണ് ചൈനീസ് ആപ്പ് വിജയിച്ചത്.
ഇപ്പോള്‍, യൂട്യൂബ് പ്രതിമാസം ശരാശരി 27 മണിക്കൂറും 19 മിനിറ്റും കൊണ്ട് രണ്ടാം സ്ഥാനത്താണ്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 22 മണിക്കൂറും 9 മിനിറ്റും ആയിരുന്നു ടിക് ടോക്കില്‍ സമയം ചെലവഴിച്ചിരുന്നത്. മെസഞ്ചറാണ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ അവസാന സ്ഥാനത്ത്, 3 മണിക്കൂറും 17 മിനിറ്റും ആണ് ഇപ്പോള്‍ പ്രതിമാസം ആളുകള്‍ മെസഞ്ചറില്‍ ചെലഴിയ്ക്കുന്ന സമയം.






