
മണിരത്നം മാജികില്‍ പിറന്ന ‘പൊന്നിയിന്‍ സെല്വന് 2’ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഭാഷാ അതിരുകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ സ്വീകരിച്ച സിനിമയില്‍ വന്‍ താരനിരയാണ് അണിനിരന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സിനിമകളൊരുക്കാന്‍ പോന്ന ജീവിതകഥകളുണ്ട്. പൊന്നിയിന്‍ സെല്‍വനി'ലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ് നന്ദിനിയും കുന്ദവൈയും. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയെപ്പോലെ തന്നെ തൃഷ അവതരിപ്പിച്ച കുന്ദവൈയും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
എന്നാലിപ്പോള്‍ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയാകാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് തൃഷ. നന്ദിനിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മണിരത്നം അതിന് അനുവദിച്ചില്ലെന്നും താരം പറഞ്ഞു. ‘‘നന്ദിനി എന്ന കഥപാത്രത്തോട് വ്യക്തിപരമായി ഒരു ഇഷ്ടമുണ്ടായിരുന്നു. അതിനാല്‍ ആ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചു. ഇത് ഞാന്‍ മണിരത്നത്തോട് പറയുകയും ചെയ്തു. അത് പറ്റില്ലെന്ന് ഉടന്‍ മറുപടി വന്നു. ഏറ്റവും ആദ്യം കാസ്റ്റിങ് കഴിഞ്ഞ കഥാപാത്രമാണ് അതെന്നും ഐശ്വര്യക്ക് അല്ലാതെ മറ്റൊരാള്‍ക്കും നന്ദിനിയെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ മറുപടിയില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തയായിരുന്നു,’’ തൃഷ പറയുന്നു.
നന്ദിനിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി നടി മീനയും പറഞ്ഞിരുന്നു. തന്റെ സ്വപ്നകഥാപാത്രമാണ് നന്ദിനി എന്നും ഐശ്വര്യ റായോട് അസൂയ തോന്നുന്നുവെന്നും പറഞ്ഞുകൊണ്ട് ട്വീറ്റിലൂടെയാണ് മീന ആഗ്രഹം വ്യക്തമാക്കിയത്.
ലോകമെമ്പാടുമായി 200 കോടിയോളം കളക്ഷന്‍ പി എസ് 2 നേടിയിട്ടുണ്ട്. 70 വര്‍ഷം മുമ്പ് എഴുതപ്പെട്ട കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വിക്രം, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, കിഷോര്‍, ശരത്കുമാര്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ ആര് റഹ്മാന് സംഗീതവും രവി വര്മ്മന് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.






