
ഇതാണ് തീകൊണ്ടു കളിക്കരുതെന്നും തീക്കളി കളിക്കരുതെന്നുമെല്ലാം പറയുന്നതിന് കാരണം. ഇന്ത്യയിലായാലും പുറത്തായാലും ആഘോഷങ്ങളില്‍ തീ കൊണ്ടുള്ള കളികള്‍ ഒഴിവാക്കാനാകില്ല. എന്നാല്‍ തീയുമായി ബന്ധപ്പെട്ട സ്റ്റണ്ടിനിടയില്‍ തീ മുഖത്തേക്ക് പടരുന്ന നിലയില്‍ ഒരു യുവാവിന്റെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ അമ്പരപ്പിക്കുന്നതിനൊപ്പം ചിരിപ്പിക്കുകയും ചെയ്യും.
ഒരു തെരുവില്‍ നിന്നുമാണ് വീഡിയോയുടെ തുടക്കം. മറ്റൊരാളുടെ കയ്യിലിരിക്കുന്ന കുപ്പിയില്‍ നിന്നുള്ള ഇന്ധനം തുടര്‍ന്ന് യുവാവ് വായില്‍ ഒഴിക്കുന്നു. കയ്യില്‍ പിടിച്ചിരിക്കുന്ന കത്തുന്ന ഒരു കമ്പും യുവാവ് പിടിച്ചിട്ടുണ്ട്. തുടര്‍ന്ന് ഈ കമ്പ് വായയ്ക്ക് അരികിലേക്ക് അടുപ്പിച്ച് ഇന്ധനം പുറത്തേക്ക് ചീറ്റിച്ച് ഒരു ആളിക്കത്തല്‍ സൃഷ്ടിക്കുന്നു. സാധാരണഗതിയില്‍ ഈ സ്റ്റണ്ട് ചെയ്യുന്നത് ഡീസലോ മണ്ണെണ്ണയോ പെട്രോളിയം ഉല്‍പ്പന്നങ്ങളോ ഉപയോഗിച്ചാണ്. വായിലെ ഇന്ധനം ചീറ്റിക്കുന്നതിനിടയില് മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഇന്ധനത്തിലേക്ക് തീ പടരുന്നതാണ് തൊട്ടടുത്ത ദൃശ്യം. ഇയാളുടെ മീശയിലും മറ്റും തീപിടിക്കുന്നത് കാണാം. ആദ്യം യുവാവ് കൈകള്‍ കൊണ്ട് മുഖം തുടച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുന്നു.
ഉടന്‍ തന്നെ ഇയാള്‍ തീക്കമ്പ് താഴേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം രണ്ടു കൈകളും കൊണ്ട് തുടയ്ക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും തീ ആളുകയാണ്. തുടര്‍ന്ന് അപകടം മനസ്സിലാക്കി ഇയാളുടെ രണ്ടു സുഹൃത്തുക്കള്‍ ചാടി മുകളിലേക്ക് കയറി മുഖം തുടച്ചതോടെയാണ് അപകടം ഒഴിവായത്. അമര്‍ജീത് സിംഗ്5354 എന്ന യൂസര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ കാട്ടുതീപോലെ സാമൂഹ്യമാധ്യമത്തില്‍ പടരുകയാണ്. ചിരിപടര്ന്നുത്തതാണ് വീഡിയോയെങ്കിലും ഒരേ സമയത്ത് ഭീതിയൂം സൃഷ്ടിക്കുന്നുണ്ട്. തക്കസമയത്ത് ചാടി ഉയര്‍ന്ന് അവസരോചിതമായി ഇടപെട്ട കൂട്ടുകാര്‍ ഇല്ലായിരുന്നെങ്കില്‍ യുവാവിന്റെ കാര്യം വന്‍ ദുരന്തമായി മാറുമായിരുന്നു.






