
മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഷീല. ഇന്നും അനശ്വര നായികയായ ഷീല മറ്റു നടിമാരെപ്പോലെ സിനിമകള്‍ കുറഞ്ഞപ്പോള്‍ പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രങ്ങളും ചെയ്യാന്‍ തയാറായില്ല. പ്രായമായെന്ന് കരുതി വാർധക്യത്തിന്റെ വിരസതയാെന്നും ഷീലയുടെ വാക്കുകളിലോ രൂപത്തിലോ ഇല്ല. ഊർജസ്വലയായി സംസാരിക്കുന്ന ഷീലയെ എന്നും നിറപ്പകിട്ടുകളോടെയുള്ള പട്ടുസാരികളിലും ആഭരണങ്ങളിലുമാണ് പൊതുവേദികളിൽ കാണാറ്. ഒരു വര്‍ഷം 26 സിനിമകള്‍ ചെയ്ത താരം സിനിമയില്‍ നിന്നുമൊരു ഇടവേള എടുത്തിരുന്നു. മകന് ജനിച്ചപ്പോളാണ് നടി സിനിമയില്‍ നിന്നും മാറിനിന്നിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാമായി തിളങ്ങിയ താരമായ ഷീലയ്ക്ക് പ്രേംനസീറിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ഉണ്ട്. രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന ഷീല തന്റെ 78-ാം വയസിലും അഭിനയ രംഗത്ത് സജീവമാണ്. ഏറെ നാളുകള്‍ക്ക് ശേഷം അനുരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ് ഷീല. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഷീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താരങ്ങള്‍ ശ്രദ്ധ കാണിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു.
‘‘ദിവസം മൂന്ന് സിനിമകൾ താൻ കാണാറുണ്ട്. സിനിമകൾ കണ്ട് തന്നോട് വിളിച്ച് അഭിപ്രായം പറയുന്ന കുറച്ച് പേരുണ്ട്. ഏത് ആർട്ടിസ്റ്റാണ്, എന്ത് കൊണ്ട് പടം ഓടിയില്ല എന്നൊക്കെ തനിക്ക് കൃത്യമായി അറിയാം.
ഞാനീ ഇടയ്ക്കൊരു പടം കണ്ടു. വലിയ നടിയാണ് അഭിനയിച്ചത്. അവരുടെ കഥാപാത്രം നല്ലതായിരുന്നു. അവർ നന്നായി അഭിനയിച്ചു. അവർ വരുന്ന സീനൊക്കെ കുറച്ചൂടെ നല്ലതായിരുന്നു. പക്ഷെ പടം മുഴുവനും കുറേ രാഷ്ട്രീയവും അതുമിതുമായി മനസ്സിലാക്കാനേ പറ്റുന്നില്ല. ആ നടനോ നടിയോ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചിരുന്നെങ്കിൽ. ഇപ്പോള്‍ ചിലര്‍ നടനും നടിയും എന്തുകൊണ്ട് സ്ക്രിപ്റ്റില്‍ ഇടപെടുന്നു എന്നൊക്കെ ചോദിക്കും. ഇതാണ് കാരണം. വല്ലതുമൊക്കെ വാരി വലിച്ച് എഴുതി വെക്കും. ഇവരറിയില്ല. മാറ്റാന്‍ പറയാന്‍ ഒക്കത്തില്ലെങ്കില് ആ പടത്തില്‍ അഭിനയിക്കാതെയെങ്കിലും ഇരിക്കാം. അത്രയേ ഉള്ളൂ. ഇവര്‍ക്കൊക്കെ എത്രയോ പടങ്ങള്‍ വരുന്നുണ്ട്. നല്ല സിനിമകള്‍ വരണം. സിനിമാ വ്യവസായം എന്നും നിലനില്‍ക്കണം. ഒരുപാട് പേരുടെ ജീവിതമാര്‍ഗമാണ് സിനിമ.’’
ഷീല ഉദ്ദേശിച്ച സിനിമ വെള്ളരിപട്ടണമാണെന്നും നടീനടൻമാർ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണെന്നുമാണ് സോഷ്യൽ മീഡിയയുടെ പക്ഷം. അടുത്തിടെ പുറത്തിറങ്ങിയ രാഷ്ട്രീയം കഥാ പശ്ചാത്തലമായ സിനിമയാണ് വെള്ളരിപട്ടണം. സിനിമ പരാജയപ്പെടുകയായിരുന്നു. മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ പ്രധാന വേഷമായിരുന്നെങ്കിലും സിനിമയുടെ കഥാഗതി പ്രേക്ഷകര്ക്കിഷ്ടമായില്ല. ഷീലയുടെ അഭിമുഖത്തിലെ വാക്കുകള്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ വരുന്നുണ്ട്.
മലയാളത്തില്‍ മഞ്ജു വാര്യറിന് അടുത്തിടെ ലഭിച്ച ഹിറ്റ് സിനിമ ആയിഷ മാത്രമാണ്. അതേസമയം തമിഴകത്ത് ചെയ്ത തുനിവ് എന്ന സിനിമ വന്‍ ഹിറ്റായി. അജിത്തായിരുന്നു സിനിമയിലെ നായകന്. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.






