
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്യുവിയാണ് മഹീന്ദ്ര XUV700. ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡ്സെറ്ററായി മാറിയ എസ്യുവി ഇപ്പോള്‍ ഒരു അതുല്യ നേട്ടം പിന്നിട്ടിരിക്കുകയാണ്. വെറും രണ്ട് വര്‍ഷം കൊണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന സ്വപ്ന തുല്യമായ നേട്ടമാണ് മഹീന്ദ്ര XUV700 സ്വന്തമാക്കിയത്. 100,000-ാമത്തെ യൂണിറ്റ് പൂണെക്ക് സമീപമുള്ള ചക്കനിലെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കി. XUV500-ന്റെ പിന്‍ഗാമിയായി 2021 ഓഗസ്റ്റ് 14-നാണ് മഹീന്ദ്ര XUV700 പുറത്തിറക്കിയത്. അതേവര്‍ഷം സെപ്റ്റംബറിലാണ് ഉത്പാദനം ആരംഭിച്ചത്. ഒക്ടോബറില്‍ ബുക്കിംഗ് ആരംഭിച്ച് എസ്യുവി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. 2022 ജൂണില്‍ വില്‍പ്പന 65,000 യൂണിറ്റ് പിന്നിട്ടു. 2023 മാര്‍ച്ചോടെ ഇന്ത്യയിലെ മൊത്തം വില്‍പ്പന 92,000 കടന്നിരുന്നു.
കയറ്റുമതിയും 2023 ഏപ്രിലിലെ ഉല്‍പ്പാദനവും ഉള്‍പ്പെടെ XUV700 മൊത്തം ഉല്‍പ്പാദനം 1 ലക്ഷം കവിഞ്ഞു. ഒരോ മാസവും ശരാശരി 4,881 യൂണിറ്റ് മഹീന്ദ്ര XUV700 ആണ് വിറ്റഴിക്കപ്പെടുന്നത്. ഗ്ലോബല്‍ NCAP ക്രാഷ്ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നു കൂടിയാണ് മഹീന്ദ്ര XUV700 എസ്യുവി. എസ്യുവിയുടെ ചില വേരിയന്റുകള്‍ ഡെലിവറിയാകാന്‍ 48 ആഴ്ചകള്‍ വരെ കാത്തിരിക്കണം. 11.99 ലക്ഷം രൂപ ആമുഖ വിലയിലായിരുന്നു എസ്യുവി അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തിനിടെ നിരവധി വിലവര്‍ധനവിന്റെ ഫലമായി മഹീന്ദ്ര XUV700 എസ്യുവിയുടെ വില 14.01 ലക്ഷം രൂപക്കും 26.18 ലക്ഷം രൂപക്കും ഇടയിലാണ്. 2023 ഏപ്രിലില്‍ XUV700-ന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 74,000 രൂപ വരെയും ഡീസല്‍ വേരിയന്റുകളുടെ വില 71,000 രൂപ വരെയും വര്‍ധിപ്പിച്ചിരുന്നു.
5, 7 സീറ്റര്‍ ഓപ്ഷനുകളിലായി മഹീന്ദ്ര XUV700 29 വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാങ്ങാമെന്നതാണ് മറ്റൊരു പ്ലസ്. ടാറ്റ ഹാരിയര്‍, സഫാരി, എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവയുമായാണ് മത്സരം. 2.0 ലിറ്റര്‍ എംസ്റ്റാലിയണ്‍ പെട്രോള്‍ എഞ്ചിന് 197 bhp പവറും 380 Nm ടോര്‍ക്കും നല്കുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. 153 bhp പവറും 360 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഉയര്‍ന്ന വേരിയന്റുകളില്‍ ഇതേ എഞ്ചിന് 182 bhp പവറും 420 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 4WD സംവിധാനമുള്ള 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും അഞ്ച് സെക്കന്‍ഡിനുള്ളില്‍ എസ്യുവി പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.






