
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരമാണ് കാര്‍ത്തിക് ആര്യന്. ഡാന്‍സ് നമ്പറുകളിലൂടെയും വ്യത്യസ്തമായ അഭിനയശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് കാര്‍ത്തിക് തന്റേതായൊരു ഇടം ബോളിവുഡില്‍ നേടിയെടുത്തത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ
ഗോഡ്ഫാദറോ ഒന്നുമില്ലാതെയാണ്കാര്ത്തിക് ആര്യന് സിനിമയിലെത്തുന്നത്. യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കാര്‍ത്തിക് ആര്യന് സാധിച്ചിട്ടുണ്ട്. അഭിനയത്തില്‍ ഏറെ ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ടെങ്കിലും താരപദവിയിലേക്ക് അതിവേഗം എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മാറ്റത്തെക്കുറിച്ചുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കാര്‍ത്തിക്കിന്റെ അമ്മ തോല്ക്കാന് തയ്യാറായിരുന്നില്ല എന്നാണ് താരം കുറിച്ചത്.
‘‘അമ്മ സൂപ്പര്‍ ഹീറോയാണ്! ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി. എന്നാല്‍ അമ്മയുടെ ആത്മധൈര്യവും പോരാട്ടവീര്യവും ക്യാന്‍സറിനെ പരാജയപ്പെടുത്തി. കുറച്ച് നാള് മുമ്പ്, ഇതേ മാസം ബിഗ് സി - കാൻസർ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയും കുടുംബ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ നിരാശരായിരുന്നു, നിരാശയ്ക്കപ്പുറം നിസ്സഹായരായിരുന്നു! എന്നാല്‍ അമ്മയെന്ന ഈ പോരാളിയുടെ ഇച്ഛാശക്തിയും ആത്മധൈര്യവും പോരാട്ടവീര്യവും തോല്ക്കാന് സമ്മതിക്കാത്ത മനസും ഞങ്ങള്‍ ബിഗ്ഗര്‍ സീയായ ‘കറേജ്’ ആയി മാറുകയായിരുന്നു. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടി. ഇരുട്ടിനെ ജയിച്ചു. യുദ്ധം ജയിച്ചു. ഇതില്‍ നിന്നും ഞങ്ങള്‍ക്ക് പഠിക്കാനായത്, കുടുംബത്തിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും വലുതായി വേറൊരു മഹാശക്തി ഇല്ല എന്നതാണ്.’’ കാര്‍ത്തിക് കുറിക്കുന്നു. അമ്മയോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
അമ്മയും കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് കാര്‍ത്തിക് ആര്യന്. സോഷ്യല്‍ മീഡിയയിലൂടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. നേരത്തെ തന്റെ അമ്മയുടെ പിറന്നാല്‍ ദിവസം കാര്‍ത്തിക് ആര്യന് മിനി കൂപ്പര്‍ സമ്മാനിച്ചിരുന്നു. അമ്മയെ അരികിലിരുത്തി നടന് നഗരത്തിലൂടെ കാറോടിച്ച് പോവുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാര്‍ത്തികിന്റെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടന് വിക്കി കൗശല്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, നടന് അനുപം ഖേര്‍, രോണിത് റോയ് തുടങ്ങിയവര്‍ കമന്റുകളിട്ടു. നേരത്തെ ക്യാന്‍സര്‍ പോരാളികളുടെ പരിപാടിയില്‍ വച്ച് അമ്മയുടെ ക്യാന്‍സറിനെക്കുറിച്ച് കാര്‍ത്തിക് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് വളരെ വൈകാരികമായ സമയമായിരുന്നു അതെന്നാണ് താരം പറഞ്ഞത്. രോഗത്തെ ജയിച്ച അമ്മയെ ഓര്‍ത്ത് താന്‍ ഒരുപാട് അഭിമാനിക്കുന്നതായും താരം പറഞ്ഞിരുന്നു.
പ്യാര് കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കാര്‍ത്തിക്കിന്റെ മോണോലോഗ് വന്‍ ഹിറ്റായി മാറിയതോടെ പിന്നീട് പ്യാര് കാ പഞ്ച്നാമ 2, സോനു കെ ടിട്ടു കി സ്വീറ്റി, ലുക്കാ ചുപ്പി, പതി പത്നി ഓര് വോഹ്, ലവ് ആജ്കല്‍, ധമാക്ക എന്നിവയിലൊക്കെ താരം അഭിനയിച്ചു. താരത്തിന്റെ ഭൂല്‍ ഭുലയ്യ 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഷെഹ്സാദയാണ് കാര്‍ത്തിക്കിന്റെ ഒടുവില്‍ റിലീസായ ചിത്രം. സീതാപ്രേം കി കഥയാണ് കാര്‍ത്തിക്കിന്റെ വരാനിരിക്കുന്ന സിനിമ.






