
ഈശ്വര പ്രാര്‍ഥന പൊതുചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും എംഎല്‍എ പറഞ്ഞു. മഞ്ചേരി പട്ടയമേളയിലാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട മാധ്യമക്കുറിപ്പ് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.
റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ചടങ്ങില്‍ പ്രാര്‍ഥന ആലപിച്ചത്. മന്ത്രിമാരായ കെ രാജന്, വി അബ്ദുറഹ്മാന് എന്നിവര്‍ വേദിയിലിരിക്കെയാണ് എംഎല്‍എ ഇക്കാര്യം അവതരിപ്പിച്ചത്. ഈ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ദൈവ വിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. വിശ്വസികളല്ലാത്തവരും വേദിയിലുണ്ട്. പ്രാര്‍ഥനാ സമയം കാലിന് സുഖമില്ലാത്ത ഒരാള്‍ മറ്റൊരാളുടെ സഹായത്തോടെയാണ് എഴുന്നേറ്റു നിന്നത്.അതുകൊണ്ടുതന്നെ പ്രാര്‍ഥന പോലുള്ള കാര്യങ്ങള്‍ പൊതുചടങ്ങില്‍ നിന്ന് ഒഴിവാക്കിക്കൂടെയെന്നും എംഎല്‍എ ചോദിച്ചു.






