
വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ ചടങ്ങുകളും ഇപ്പോള്‍ വലിയ ആഘോഷമായിട്ടാണ് നടത്താറുള്ളത്. സേവ് ദ ഡേറ്റും, വിവാഹത്തിന് മുന്‍പ് വധുവും വരനും പ്രെവെഡിങ് ഷൂട്ടും, വിവാഹത്തിന് ശേഷം പോസ്റ്റ് വെഡിങ് ഷൂട്ടും, പ്രീ വെഡ്ഡിംഗ് ചടങ്ങുകളുമൊക്കെ വളരെ വ്യത്യസ്തമായി ഷൂട്ട് ചെയ്യുന്നതും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് വൈറലാക്കുന്നതും സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് വലിയൊരു ടാസ്ക് തന്നെയാണീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍.
സേവ് ദ ഡേറ്റാണ് അതില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടാറുള്ളത്. നല്ല ലൊക്കേഷന്‍ തെരഞ്ഞെടുത്ത് വധുവരന്മാര് ഇണങ്ങുന്ന ഡ്രസ്സ് ധരിച്ച് അവിടെക്കൊണ്ടുപോയി ഷൂട്ട് ചെയ്യുന്നതാണ് ഇതിന്റെ പതിവ്. ഇതിനിടയില്‍ ക്യാമറാമാന് വധുവരന്മാരോട് പല തരത്തിലുള്ള പോസുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും പലപ്പോഴും പല പോസുകളും അവര്‍തന്നെ കാണിച്ചു കൊടുക്കുകയും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ വധൂവരന്മാരോട് രംഗം വിശദീകരിക്കുന്നതിനിടയില്‍ രണ്ട് ക്യാമറാമാന്മാര് കാണിച്ചു കൂട്ടുന്ന പ്രണയ രംഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തി കണ്ട വധൂവരന്മാര് ശരിക്കും ഞെട്ടിപ്പോയി. വീഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.
വധൂവരന്മാര് നദിയുടെ തീരത്തെ മനോഹരമായ ഒരു സ്ഥലത്ത് ഫോട്ടോഷൂട്ടിനോ വീഡിയോ ഷൂട്ടിനോ വേണ്ടി ക്യാമറാമാനുമായി വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. വധു നീല ഗൗണിലും വരന് കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരുടെയും അടുത്ത് രണ്ട് ക്യാമറാമാന്മാരും നില്‍പ്പുണ്ട്. എന്ത് രംഗമാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് ക്യാമറാമാന്മാര് ഇവരോട് പറയുന്നു, പക്ഷേ വധൂവരന്മാര്ക്കത് മനസ്സിലാകുന്നില്ല. കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞ് ക്യാമറാമാന്മാര് അത് അഭിനയിച്ചു കാണിക്കുന്നു. അഭിനയിച്ച് അഭിനയിച്ച് അവസാനം അവര്‍ പരസ്പരം മറക്കുന്നതാണ് വീഡിയോ. അതുകണ്ട വധൂവരന്മാര് ശരിക്കും ഞെട്ടിപ്പോകുന്നതും ചിരിച്ച് വിളിക്കുന്നതും വീഡിയോയിലുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.






