
രാമനഗര: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ജനതാദള്‍ സെക്യുലറിന്റെ (ജെഡിഎസ്) സഹായം തേടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, അഴിമതി, സത്ഭരണം, വികസനം എന്നീ വിഷയങ്ങളാണ് ജനങ്ങളുടെ മുന്നിലുള്ളത്. ജെഡിഎസുമായി സര്‍ക്കാരുണ്ടാക്കേണ്ടതിന്റെ ഒരു സാധ്യതയുമില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് നേടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാവിലെ പ്രതികരിച്ചിരുന്നു. 224 സീറ്റുകളില്‍ കോണ്‍ഗ്രസ് 130 മുതല്‍ 150 വരെ നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
മാറ്റത്തിനു വേണ്ടി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ശിവകുമാര്‍, വിലക്കയറ്റം, അഴിമതി എന്നിവയെ കറിച്ച് വോട്ട ചെയ്യുമ്പോള്‍ ഓര്‍ക്കണം. 141 സീറ്റുകള്‍ നല്കിയാല് സംസ്ഥാനത്ത് മാറ്റങ്ങള്‍ കൊണ്ടുവരും- അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ കനകപുരയില്‍ ഭാര്യയ്ക്കൊപ്പം ഓട്ടോറിക്ഷ ഓടിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.






