
മീന്‍ ഇഷ്ടപ്പെടാത്ത നോണ്‍ െവജിറ്റേറിയന്സ് കുറവാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മത്സ്യങ്ങള്‍. മീന്‍ വറുത്തതും, കറി വെച്ചും, പറ്റിച്ചെടുത്തും, തോരന്‍ വെച്ചും നമ്മള് കഴിയ്ക്കാറുണ്ട്. അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. പല തരത്തിലെ മീനുകള്‍ ഇന്ന് ലഭ്യമാണ്. പുഴമീനും കടല്‍ മീനുമാണ് നമുക്ക് ലഭിയ്ക്കുന്ന രണ്ട് വിഭാഗങ്ങള്‍. പുഴമീന്‍ ഏറെ ആരോഗ്യകരമാണെന്ന് പറയാം.
ഒരാള്‍ക്ക് ഒരു ദിവസം ആവശ്യം വരുന്ന ഒമേഗ 3 ഫാറ്റി ആസിഡിന്റെ 30 ശതമാനം പുഴ മീനില്‍ നിന്നും ലഭിയ്ക്കുന്നു. പുഴ മീനിലെ കൊഴുപ്പ് ആര്‍ട്ടറികളില്‍ അടിഞ്ഞ് കൂടുന്നവയല്ല. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.
കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്നവയാണ് പുഴമത്സ്യങ്ങള്. കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടേയും, പല്ലുകളുടേയും ആരോഗ്യത്തിന് പുഴമീനുകള്‍ നല്ലതാണ്. വൈറ്റമിന്‍ ഡിയുടെ ഉറവിടമാണ് ഇവ. എല്ലിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. തൈമിന്, നിയാസിന്, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി12 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പുഴ മീനുകളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ട് ഇവ മസിലുകള്‍ക്ക് ആരോഗ്യകരവുമാകുന്നു.






