
ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും വലിയ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകളില്‍ ഒന്നാണ് ബജാജ് അവഞ്ചര്‍ സിരീസ് എന്ന് നിസംശയം പറയാം. ഇപ്പോള്‍ ക്രൂയിസ് എന്നൊരു ഒറ്റ വേരിയന്റിലായിരുന്നു ലഭ്യമായിരുന്നതെങ്കിലും നേരത്തെ പല വിധത്തില്‍ പല ഭാവത്തില്‍ അവഞ്ചര്‍ വാങ്ങാനാവുമായിരുന്നു. ഇപ്പോഴിതാ അവഞ്ചര്‍ സ്ട്രീറ്റിനെ പുനരവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. 1,42,029 രൂപ മുതലാണ് വണ്ടിയുടെ വില ആരംഭിക്കുന്നത്. 160 എഞ്ചിന് പകരം പുതിയ 220 എഞ്ചിനോടെയാണ് വേരിയന്റിനെ കമ്പനി പണിതിറക്കിയിരിക്കുന്നത്.
നിലവില്‍ വില്‍പ്പനയിലുള്ള അവഞ്ചര്‍ 220 ക്രൂയിസുമായി താരതമ്യപ്പെടുത്തുമ്പോള്‍, 220 സ്ട്രീറ്റില്‍ കൂടുതല്‍ ബ്ലാക്ക്-ഔട്ട് ബോഡി വര്‍ക്ക്, അലോയ് വീലുകള്‍ എന്നിവയെല്ലാം ബൈക്കില്‍ കാണാനാവും. എന്നാല്‍ ബാക്ക്റെസ്റ്റും വലിയ ഫ്രണ്ട് വിന്‍ഡ്സ്ക്രീനും ഒഴിവാക്കിയാവും സ്ട്രീറ്റ് വേരിയന്റ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഹെഡ്ലൈറ്റ് കൗള്‍, അലോയ് വീലുകള്‍, ഹാന്‍ഡില്‍ബാര്‍, ഗ്രാബ് റെയില്‍ എന്നീ സവിശേഷതകളും ബൈക്കില്‍ ശ്രദ്ധനേടുന്നുണ്ട്. കൂടാതെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ഇപ്പോള്‍ പുതിയ ആംബര്‍ ബാക്ക്ലൈറ്റും ലഭിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ പള്‍സര്‍ 220 F പതിപ്പിന്റെ അതേ എഞ്ചിന് ഉപയോഗിച്ചാണ് കമ്പനി മോഡലിനെ പുറത്തിറക്കിയിരിക്കുന്നത്.
20 ശതമാനം എഥനോള്‍ കലര്‍ന്ന E20 ഫ്യുവലില്‍ ഓടാനും വാഹനം പ്രാപ്തമാണ്. അതായത് 2023 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ ബിഎസ്-VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അവഞ്ചര്‍ സ്ട്രീറ്റ് 220 പാലിക്കുന്നുണ്ട്. 220 പള്‍സറിലെ അതേ എയര്‍/ഓയില്‍-കൂള്‍ഡ്, 220 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8,500 rpm-ല്‍ 19 bhp പവറും 7,000 rpm-ല്‍ 17.55 Nm torque ഉം വരെ ഉ്താപാദിപ്പിക്കാന് ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. മെക്കാനിക്കല്‍ ഘടകങ്ങളെല്ലാം അവഞ്ചര്‍ ക്രൂയിസ് 220-യില്‍ നിന്നും സ്ട്രീറ്റ് വേരിയന്റ് കടമെടുക്കും. ടെലിസ്കോപ്പിക് ഫോര്‍ക്കും ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമുള്ള അടിസ്ഥാന സസ്പെന്ഷന് സജ്ജീകരണം ഇതിന് ലഭിക്കും. 220 ക്രൂയിസ് പോലെ ബ്രേക്കിംഗിനായി മുന്‍വശത്ത് ഒരു ഡിസ്കും പിന്നില്‍ ഒരു ഡ്രമ്മുമായിരിക്കും കമ്പനി സമ്മാനിക്കുക.






