
ഏറ്റവും പുതിയ ആഗോളതാരമായി ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ്താരം ദീപികാ പദുക്കോണ്‍. താരത്തിന്റെ രാഷ്ട്രീയ നിലപാടുകളും വിവാദങ്ങളും ബോളീവുഡിലെ യാത്രകളുമെല്ലാം പരാമര്‍ശിക്കുന്ന അഭിമുഖവും മാസിക കൊടുത്തിട്ടുണ്ട്.
ഷൂസ് ഇല്ലാതെ ഇളംതവിട്ട് നിറമുള്ള വലിയ സ്യൂട്ട് ധരിച്ചു നില്ക്കുന്ന രീതിയിലുള്ള ചിത്രമാണ് നല്‍കിയിരിക്കുന്നത്. ലോകത്തെ ബോളിവുഡിലേക്ക് കൊണ്ടുവന്നു എന്നാണ് ദീപികയ്ക്ക് മാസിക നല്കുന്ന വിശേഷണം. 2018 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി ദീപികാ പദുക്കോണിനെ മാസിക തെരഞ്ഞെടുത്തതിന് പിന്നാലെയാണ് മാസിക കവറിലും സ്ഥാനം നല്‍കിയിരിക്കുന്നത്.
കരിയറില്‍ ഉടനീളം താന്‍ നേരിട്ട രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും ദീപിക അഭിമുഖത്തില്‍ പറയുന്നുണ്ട്. ''എനിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും തോന്നേണ്ടതുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് അതിനെക്കുറിച്ച് ഒന്നും തോന്നുന്നില്ല എന്നതാണ് സത്യം.'' അവര്‍ പറയുന്നു.
നേരത്തേ ദീപികയുടെ പദ്മാവത് സിനിമ കര്‍ണിസേനയുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ജെഎന്‍യുവില്‍ വിദ്യാത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതും ക്യാമ്പസില്‍ സന്ദര്‍ശനം നടത്തിയതും വിവാദമായിരുന്നു. ഇതിനും പിന്നാലെ പുതിയ സിനിമ പത്താനില്‍ കാവിനിറമുള്ള ബിക്കിനിയിട്ട് താരമെത്തിയതിനെതിരേ ഓണ്‍ലൈനില്‍ ഉയര്‍ന്ന പ്രതിഷേധവും ബഹിഷ്ക്കരണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് അതിലെ പ്രണയരംഗങ്ങള്‍ക്ക് എതിരേ വന്‍ പ്രതിഷേധം ഉയര്‍ത്തിയ ഹിന്ദുഗ്രൂപ്പുകള്‍ സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു നേതാവ് ഇവരുടെ തലയ്ക്ക് 1.5 ദശലക്ഷം ഇനാം പ്രഖ്യാപിച്ചതും ഞെട്ടിച്ചിരുന്നു.
2020 ല്‍ പൗരത്വനിയമ ഭേദഗതയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലാണ് ദീപിക ജെഎന്‍യു വില്‍ എത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പ്രതിഷേധത്തില്‍ ബോളിവുഡ് താരങ്ങള്‍ ഇതുവരെ പങ്കെടുത്തതായി അറിവില്ലാത്ത സാഹചര്യത്തിലാണ് ദീപിക വിവാദത്തില്‍ തലയിട്ടത്. ഈ ജനുവരിയിലായരുന്നു പത്താന് സിനിമയുമായി ബന്ധപ്പെട്ട വിവാദം ദീപികയെ തേടിയെത്തിയത്.
പ്രഭാസിന്റെ നായികയായുള്ള ചിത്രമാണ് ദീപികയെ കാത്ത് ഇനിയിരിക്കുന്നത്. ഹൃത്വിക് റോഷന് നായകനാകുന്ന അടുത്ത ആക്ഷന്‍ സിനിമയിലും ദീപികയാണ് നായിക. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സിനിമയാണ് ഇത്. പര്‍വീണ്‍ ബാബി, ഐശ്വര്യാറായി, ഷാരൂഖ് ഖാന്, പ്രിയങ്കാചോപ്ര, അമീര്ഖാന് എന്നിവരാണ് ദീപിയ്ക്ക് മുമ്പ് ടൈംമാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരങ്ങള്‍.






