
800 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന ഇലക്ട്രിക് കാര്‍ വെളിപ്പെടുത്തി ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍. 2020-ലാണ് സൈബര്‍സ്റ്റര്‍ ഇലക്ട്രിക് റോഡ്സ്റ്റര്‍ കണ്‍സെപ്റ്റ് എംജി അവതരിപ്പിച്ചത്. തുടര്‍ന്ന് ഷാങ്ഹായി ഓട്ടോ എക്സ്പോയിലും ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ ലോഞ്ചിന് മുന്നോടിയായി യുകെയില്‍ സൈബര്‍സ്റ്റര്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. ഈ വര്‍ഷം ഓഗസ്റ്റിലായിരിക്കും ഈ കാര്‍ വില്‍പ്പനയ്ക്കെത്തുക. T-സീരീസ്, MGA, MGB, F എന്നീ ക്ലാസിക് റോഡ്സ്റ്ററുകള്‍ പുത്തിറക്കി പേരെടുത്ത ബ്രാന്‍ഡാണ് എംജി.
ഡ്രോപ്പ്-ടോപ്പുള്ള ഒരു ആധുനിക സ്പോര്‍ട്സ് കാര്‍ പോലെയാണ് എംജി സൈബര്‍സ്റ്റര്‍ കാണപ്പെടുന്നത്. നീളമുള്ള ബോണറ്റ്, സിസര്‍ ഡോറുകള്‍, അഗ്രസീവ് ലുക്കിലുള്ള ബമ്പറുകള്‍, വൃത്തിയുള്ള സൈഡ് പ്രൊഫൈല്‍ എന്നിവയാണ് ഇതില്‍ കാണാനാകുക. കാറിന്റെ വലിപ്പമെടുത്താല്‍ 4,535 mm ആണ് ഇതിന്റെ നീളം. എംജി സൈബര്‍സ്റ്ററിന് 1,913 mm വീതിയും 1,329 mm ഉയരവുമുണ്ട്. 2,690 mm ആണ് ഈ ഇലക്ട്രിക് കാറിന്റെ വീല്‍ബേസ്. വലിപ്പത്തിന്റെ കാര്യത്തില്‍ എംജി സൈബര്‍സ്റ്റര്‍ പുതിയ മസ്ദ MX-5 മിയാറ്റയേക്കാള് കുറച്ച് വലുതാണ്. 1,985 കിലോഗ്രാം അല്ലെങ്കില്‍ 1,850 കിലോഗ്രാം ആണ് എംജി സൈബര്‍സ്റ്ററിന്റെ ഭാരം. ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോട്ടോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാരം മാറുന്നത്.
എംജി സൈബര്‍സ്റ്ററിന്റെ പവര്‍ട്രെയിന്‍ വശങ്ങള് നോക്കിയാല്‍ ഫ്രണ്ട് ആക്സിലില്‍ 201 bhp പീക്ക് പവര്‍ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിക്കും. പരമാവധി 335 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും റിയര്‍ ആക്സിലില്‍ ഘടിപ്പിക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും എംജി സൈബര്‍സ്റ്ററിന്റെ പരമാവധി വേഗതയെന്നാണ് കരുതുന്നത്. ഇവിയില്‍ നല്കാന് പോകുന്ന ബാറ്ററി പായ്ക്കിന്റെ വലിപ്പം എത്രയാണെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവില്‍ ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന MG4 ഇവിയില്‍ നിന്നുള്ള 64 kWh ബാറ്ററി പായ്ക്കായിരിക്കും സൈബര്‍സ്റ്ററിന് കരുത്ത് പകരുകയെന്നാണ് സൂചന. ജനുവരിയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലും ഈ ഇവി പ്രദര്‍ശിപ്പിച്ചിരുന്നു.
50,000 പൗണ്ടാണ് ഇവിയുടെ വില പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 51.38 ലക്ഷം രൂപ വരും. എന്നാല്‍ ഇപ്പോള്‍ സൈബര്‍സ്റ്റര്‍ ഇവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കാന്‍ എംജിക്ക് പദ്ധതികള്‍ ഇല്ലെന്നാണറിയുന്നത്. ZS ഇവി, കോമെറ്റ് ഇവി എന്നിവയാണ് എംജി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഇലക്ട്രിക് കാറുകള്‍.






