
വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായൊരു ഇടം നേടിയെടുത്ത കലാകാരിയാണ് കൃതി സനോന്‍. യാതൊരു സിനിമാപാരമ്പര്യവും ഇല്ലാഞ്ഞിട്ടു കൂടി വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങളിലൂടെ വലിയൊരു ആരാധകവലയം തന്നെ കൃതിക്കുണ്ട്. ഹൈന്ദവ ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദു പുരാണ സിനിമയായ ‘ആദിപുരുഷി’ല്‍ ജാനകിയുടെ വേഷത്തിലെത്തുന്നത് കൃതിയാണ്. പ്രഭാസും സെയ്ഫ് അലി ഖാനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ റീലിസിനായുള്ള കാത്തിരിപ്പിലാണ് കൃതി. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കുറച്ച് ദിവസം മുമ്പ് മുംബൈയില്‍ നടന്നപ്പോള്‍ ചടങ്ങില്‍ ശ്രദ്ധ നേടിയതും കൃതി സനോനായിരുന്നു സെലിബ്രിറ്റി ഡിസൈനര്‍മാരായ അബുജാനി സന്ദീപ് ഖോസ്ല എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരിയില്‍ അതിസുന്ദരിയായാണ് കൃതി ചടങ്ങിനെത്തിയത്. ഇപ്പോഴിതാ ഈ സാരിയില്‍ അണിഞ്ഞൊരുങ്ങിയ കൃതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. സര്‍ദോസി ബോര്‍ഡറുള്ള വെള്ള ഖാദി സാരി ചുറ്റിയ കൃതി ഇതിനൊപ്പം കേരള കോട്ടണ്‍ സാരി ദുപ്പട്ട പോലെ പെയര്‍ ചെയ്തു. 24 കാരറ്റ് ഗോള്‍ഡ് ഖാദി ബ്ലോക്ക് പ്രിന്റാണ് കേരള സാരിയുടെ സവിശേഷത. ചുവപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന വര്‍ക്കുകള്‍ സാരിക്ക് റിച്ച് ലുക്ക് നല്കി. മസ്റ്റാര്‍ഡ് നിറത്തിലുള്ള രേഷം (ഒരു പ്രത്യേകതരം നൂല്) എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത, പ്രിന്റഡ് ബ്ലൗസ് ആയിരുന്നു സാരിക്കൊപ്പം പെയര്‍ ചെയ്തത്. ഇതിനൊപ്പം മുടിയില്‍ പൂ ചൂടുകയും മരതക ആഭരണങ്ങള്‍ അണിയുകയും ചെയ്തു താരം. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് താരം തന്നെയാണ്.
സെലിബ്രിറ്റി ഡിസൈനര്‍മാരായ അബുജാനി സന്ദീപ് ഖോസ്ല ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന്റെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ശുദ്ധമായ തുണിയാണ് സാരിക്ക് വേണ്ടി നിര്‍മിച്ചതെന്നും അബുജാനി സന്ദീപ് ഖോസ്ല പോസ്റ്റില്‍ പറയുന്നു. കൃതിയുടെ ഏറ്റവും മികച്ച ലുക്ക് ആണ് ഇതെന്നും ഐശ്വര്യം നിറഞ്ഞുനില്ക്കുന്നുവെന്നുമടക്കം ആരാധകര്‍ ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.






