
ഓസ്ട്രേലിയയിലെ ഒരു സമ്പന്ന കുടുംബത്തില്‍ പൂച്ചയെ നോക്കാന്‍ ആളെ തേടുന്നു. പൂച്ചയെ നോക്കാന്‍ തയാറാകുന്ന ആള്‍ക്ക് അത്യാഡംബര താമസ സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്. ജീവിതച്ചെലവ് കൂടിയതോടെ ഓസ്ട്രേലിയയില്‍ പലരും സാമ്പത്തികമായി കഷ്ടപ്പെടുന്നതിനിടയിലാണ് ഇത്തരത്തില്‍ വാഗ്ദാനവുമായി ഓസ്ട്രേലിയയിലെ ഡബിള്‍ ബേ കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്. പൂച്ചയ്ക്കായി മുഴുവന്‍ സമയവും മാറ്റി വയ്ക്കാന്‍ തയാറായിട്ടുള്ള ആളുകള്‍ക്ക് മാത്രമാണ് ജോലിക്ക് അവസരം.
തങ്ങളുടെ ' പൂച്ചയെ നോക്കാന്‍ മുഴുവന്‍ സമയ ആയയെ ആശ്യമുണ്ടെന്ന് ' കാണിച്ച് ഡബിള്‍ ബേ കുടുംബം നല്കിയ പരസ്യത്തിലാണ് ഈ കാര്യങ്ങളുള്ളത്. പൂച്ചയുടെ മുഴുവന്‍ സമയ ആയ ആകാന്‍ തയാറായി വരുന്നവര്‍ക്ക് മറ്റ് പണികള്‍ ഒന്നും തന്നെയില്ല. തങ്ങളുടെ ആഡംബര ബംഗ്ലാവില്‍ താമസിച്ചു പൂച്ചയെ നോക്കുക എന്നത് മാത്രമായിരിക്കും ഇവരുടെ ജോലി.
ആയ ആകാന്‍ തയ്യാറായി വരുന്നവര്‍ ഭക്ഷണം, വിനോദം, ശുചിത്വം, വിശ്രമം എന്നിങ്ങനെ പൂച്ചയുടെ സര്‍വ്വകാര്യങ്ങളിലും പ്രത്യേക കരുതലും ശ്രദ്ധയുമുള്ളവരായിരിക്കണമെന്നാണ് പരസ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. പൂച്ചകളുടെ പരിചരണത്തെക്കുറിച്ച് നല്ല അറിവും, മുന്‍കാല പരിചയവും ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആവശ്യമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വീട്ടില്‍ തന്നെ അവര്‍ക്കായി സ്വന്തം മുറിയും ബാക്കി എല്ലാ സൗകര്യങ്ങളും നല്‍കും. എന്നാല്‍ മറ്റ് വളര്‍ത്തുമൃഗങ്ങളെ ഒപ്പം അനുവദിക്കില്ലന്നും പരസ്യത്തില്‍ പ്രത്യേകം പറയുന്നു. പരസ്യം സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ വൈറലായി. പൂച്ച ഉറങ്ങുമ്പോള്‍ ഉറങ്ങാന്‍ പറ്റുമോ എന്നാണ് പരസ്യം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോസ്റ്റിന് താഴെ രസകരമായ കമന്റ് എഴുതിയത്.






