
ഗോവയിലെ പനാജി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റി ഇപ്പോള്‍ പുത്തനൊരു മോഡല്‍ പുറത്തിറക്കി വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പായ കബീറ മൊബിലിറ്റി പുതിയ KM500 ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഏറ്റവും കൂടുതല്‍ റേഞ്ചും നല്കുന്ന ഇലക്ട്രിക് ടൂവീലര്‍ എന്ന ഖ്യാതിയോടെയാണ് പുതിയ മോഡല്‍ വിപണിയിലേക്ക് എത്തുന്നത്. ഒറ്റ ചാര്‍ജില്‍ 344 കിലോമീറ്റര്‍ റേഞ്ചാണ് KM500 ഇവി അവകാശപ്പെടുന്നത്.
പുതിയ KM500 ഇലക്ട്രിക് ക്രൂയിസറിന് 3.15 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വാഹനം ഇപ്പോള്‍ നിരത്തിലേക്ക് എത്തില്ലെന്നതാണ് നിരാശരാക്കുന്ന മറ്റൊരു കാര്യം. കബീറയുടെ പുത്തന്‍ ഇവിയുടെ ഡെലിവറികള്‍ അടുത്ത വര്‍ഷം അതായത് 2024-ഓടെ മാത്രമേ ആരംഭിക്കൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കബീറ മൊബിലിറ്റിയുടെ പുതിയ മുന്‍നിര മോഡലായാവും KM500 വിപണിയില്‍ സ്ഥാനംപിടിക്കുക.
മിഡ്നൈറ്റ് ഗ്രേ, ഡീപ് കാക്കി, അക്വാമറൈന്‍ എന്നീ കളര്‍ ഓപ്ഷനുകളിലും വണ്ടി സ്വന്തമാക്കാനാവും. കൂടാതെ ബ്രാന്‍ഡിന്റെ സ്വന്തം ശ്രേണിയിലുള്ള ആക്സസറികള്‍ ഉള്‍പ്പെടെയുള്ള കസ്റ്റമൈസേഷന് ഓപ്ഷനുകളും ബൈക്കിന് ലഭിക്കും. ഇലക്ട്രിഫൈഡ് ബോബര്‍ സ്റ്റൈല്‍ ഫീല്‍ നല്‍കാനായി ഇലക്ട്രിക് ക്രൂയിസര്‍ സിംഗിള്‍ സീറ്റര്‍ ശൈലിയിലാണ് പണിതെടുത്തിരിക്കുന്നത്. മുന്നിലും പിന്നിലും വീതിയുള്ള ടയറുകളാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവര്‍ ചെയ്ത ബോഡി വര്‍ക്കും രൂപത്തോട് നീതിപുര്ത്തിയിട്ടുണ്ട്. ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ഇതിനകത്താണ് കബീറ സജ്ജീകരിച്ചിരിക്കുന്നത്.
188 കിലോമീറ്റര്‍ വേഗതയില്‍ വരെ ടോപ്പ് സ്പീഡാണ് ഈ വൈദ്യുത ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതോടെ രാജ്യത്ത് വില്‍ക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കും KM5000. ഡെല്റ്റഇവിയുമായി സഹകരിച്ചാണ് ഇലക്ട്രിക് പവര്‍ട്രെയിന്‍ വികസിപ്പിച്ചതെന്നും പേറ്റന്റ് നേടിയ പുതിയ മിഡ് ഡ്രൈവ് മോട്ടോറാണ് ക്രൂയിസര്‍ ഇവിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കബീറ മൊബിലിറ്റി പറയുന്നു. 344 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 11.6 kWh LFP ബാറ്ററി പായ്ക്കും മോഡലിന് ലഭിക്കും. KM5000 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലെയും വെച്ച് ഏറ്റവും വലിയ ബാറ്ററി പായ്ക്കും ലഭിക്കും. ഈ റെക്കോര്‍ഡ് നിലവില്‍ 10.5 kWh ബാറ്ററി പായ്ക്ക് ഉള്ള അള്‍ട്രാവയലറ്റ് F77 മോഡലിനുള്ളതാണ്. ഈ വര്‍ഷം അവസാനത്തോടെ KM5000 വില്‍പ്പനയ്ക്കെത്തുമെന്ന് കബീറ പറയുന്നു.






