
സിനിമയില്‍ നിന്നുളള ചെറിയ ഇടവേളകളില്‍ ദീര്‍ഘദൂര ബൈക്ക് യാത്രകള്‍ നടത്താറുണ്ട് നടന് അജിത്ത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി യാത്രകള്‍ അദ്ദേഹം ചെയ്തു. ഇനി പുതിയൊരു ബൈക്ക് യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അദ്ദേഹം. അതിനിടെ തന്റെ സഹയാത്രികന് സുഗത് സത്പതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തുണിവിന്റെ റിലീസ് ശേഷം അദ്ദേഹം നേപ്പാളിലേക്ക് ബൈക്ക് റൈഡ് നടത്തിയിരുന്നു. അന്ന് താരത്തിന് എല്ലാ സഹായങ്ങളും നല്കി ഒപ്പമുണ്ടായിരുന്ന ട്രിപ്പ് ഓള്ഗനൈസര് കൂടിയായ സുഗത് ആയിരുന്നു. മികച്ച യാത്രാനുഭവം നല്കിയ സുഗതിന് ആഡംബര ബൈക്ക് സമ്മാനിച്ചാണ് താരം നന്ദി അറിയിച്ചത്. പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ലിയു എഫ് 850 ജിഎസ് ബൈക്കാണഎ അജിത് സുഗതിന് നല്‍കിയത്.
ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സുഗത് ഈ വിവരം അറിയിച്ചത്. അജിത്തിനൊപ്പമുളളതും ബൈക്ക് ഏറ്റുവാങ്ങുന്നതുമായ ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മനോഹരമായ ഒരു കുറിപ്പും. 2022 ന്റെ അവസാനം തമിഴിലെ സൂപ്പര്‍താരമായ അജിത്കുമാറുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചെന്ന് സുഗത് കുറിപ്പില്‍ പറഞ്ഞു. ഡ്യൂക്ക് 390 ലായിരുന്നു തന്റെ സഞ്ചാരം. നോര്‍ത്ത്-ഈസ്റ്റ് ട്രിപ്പ് കഴിഞ്ഞപ്പോള്‍ തന്നെ നേപ്പാള്‍-ഭൂട്ടാന് യാത്ര സംഘടിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായിരുന്നു. ഈ യാത്രയിലുടനീളം മറക്കാനാവാത്ത ഓര്മകളാണുണ്ടായതെന്നും ഒരുപാട് സൂര്യോദയങ്ങളും അസ്തമയങ്ങളും കണ്ടുവെന്നും സുഗത് പറഞ്ഞു.
യാത്രകള്‍ക്കിടെ നമ്മള് നല്ല ആളുകളെ കണ്ടുമുട്ടുമെന്ന് പലരും പറയാറുണ്ട്. ഏറ്റവും മികച്ച മനുഷ്യനെയാണ് ഞാന്‍ കണ്ടുമുട്ടിയതെന്ന് ഞാന്‍ പറയും. സ്വന്തം പ്രശസ്തി പരിഗണിക്കാതെ അദ്ദേഹത്തിന്റെ വിനയവും ഊര്‍ജസ്വലതയും എന്നെ അത്ഭുതപ്പെടുത്തി. സൂപ്പര്‍സ്റ്റാറിന് പിന്നില്‍ ഒരു ലളിതമായ മനുഷ്യനുണ്ട്! ഈ എഫ് 850ജിഎസ് വെറുമൊരു ബൈക്ക് മാത്രമല്ലഏ ഇത് അദ്ദേഹം എനിക്ക് സമ്മാനിച്ചതാണ് അതെ ! അതൊരു സമ്മാനമാണ്. അണ്ണയില്‍ നിന്ന് എനിക്ക് ഒരുപാട് സ്നേഹത്തോടെ കിട്ടിയതാണ്. ലോകം കാണാന്‍ ഇത് എനിക്കുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു-സുഗത് കുറിച്ചു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് അജിത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.






