
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ റോഡുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കോംപാക്ട് അര്‍ബന്‍ യൂട്ടിലിറ്റി വാഹനവുമായി വിപണിയിലേക്ക് എത്തുകയാണ്. എക്സ്റ്റര്‍ എന്ന മൈക്രോ എസ്യുവിയുമാണ് ഹ്യുണ്ടായി എത്തുന്നത്. 2023 ജൂലൈ 10-ന് എക്സ്റ്റര്‍ എസ്യുവി പുറത്തിറക്കും. 26 സുരക്ഷാ ഫീച്ചറുകള്‍, 40-ല്‍ അധികം അഡ്വാന്‍സ്ഡ് സേഫ്റ്റി, അഞ്ച് വേരിയന്റുകള്‍ എന്നിങ്ങനെ ധാരാളം പുതുമകളാവും വാഹനത്തിലുണ്ടാവുക.
ചെറിയ കാര്‍ സെഗ്മെന്റില്‍ ഡാഷ്ക്യാം സേഫ്റ്റി ഫീച്ചറായി നല്കുന്ന ആദ്യ മോഡലായി ഹ്യുണ്ടായി എക്സ്റ്റര്‍ മാറും. മുന്‍ ക്യാമറയിലൂടെയും പിന് ക്യാമറയിലൂടെയും റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തോടെയാണ് വാഹനം വരുന്നത്. ഇതില്‍ ഒരു ചെറിയ 2.31 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയും ഇടംപിടിച്ചിട്ടുണ്ട്. ഡ്രൈവിംഗ് (സ്റ്റാന്‍ഡേര്‍ഡ്), ഇവന്റ് (സേഫ്റ്റി), വെക്കേഷന് (ടൈം ലാപ്സ്) എന്നിവ ഉള്‍പ്പെടുന്ന ഒന്നിലധികം റെക്കോര്‍ഡിംഗ് മോഡുകള്‍ക്കായി ഡാഷ്ക്യാം സ്മാര്‍ട്ട്ഫോണുമായി ജോടിയാക്കാനുമാവും. ഡാഷ്ക്യാം ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്ഡിംഗിനെയാണ് പിന്തുണയ്ക്കുന്നത്. ചിത്രങ്ങളോ സെല്‍ഫികളോ ക്ലിക്കുചെയ്യുന്നതിന് ക്യാമറയായി ഇത് ഉപയോഗിക്കാനും കഴിയും. ഹ്യുണ്ടായിയുടെ പുത്തന്‍ മൈക്രോ എസ്യുവി സ്വന്തമാക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്കി എക്സ്റ്റര്‍ പ്രീ-ബുക്ക് ചെയ്യാം. EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലാണ് വാഹനം വാങ്ങാനാവുക.
മോഡലിന്റെ ടോപ്പ് എന്‍ഡ് വേരിയന്റ് 40-ലധികം നൂതന സുരക്ഷയോടെയാണ് വരുന്നത്. അതില്‍ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ അസിസ്റ്റ് കണ്ട്രോള് (HAC), ബര്‍ഗ്ലര്‍ അലാറം സിസ്റ്റം എന്നിവയെല്ലാമാണ് ഉള്‍പ്പെടുന്നത്. ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഇബിഡി ഉള്ള എബിഎസ്, കീലെസ് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ESS എന്നിവയും ഹ്യുണ്ടായി എക്സ്റ്ററിന്റെ മറ്റ് അടിസ്ഥാന സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
രണ്ട് എഞ്ചിന് ചോയ്സുകളാണ് വാഹനത്തില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനാണ്. രണ്ടാമത്തേത് 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ കാപ്പ പെട്രോള്‍ എഞ്ചിന് ഓപ്ഷനാണ്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനോടുകൂടിയ എസ്യുവിയുടെ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. കാപ്പ എഞ്ചിന് ഈ എഞ്ചിന് 82 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ആറ് ലക്ഷം രൂപയാണ് എക്സ്റ്ററിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.






